Friday, August 9, 2019

12. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാനപെട്ട വ്യത്യാസം എന്താണ്?

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സാമ്യതകൾ എന്തൊക്കെയാണെന്നു നമുക്കാദ്യം നോക്കാം. മൃഗങ്ങൾ ഉറങ്ങുന്നുണ്ട്. നമ്മളും ഉറങ്ങുന്നു. മൃഗങ്ങൾ പ്രത്യുത്പാദനം ചെയുന്നുണ്ട്. മനുഷ്യരും ചെയുന്നു. മൃഗങ്ങൾ അതിജീവത്തിനായ് ശ്രമിക്കുന്നുണ്ട്. നമ്മളും ശ്രമിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ദേഷ്യമുണ്ട്. മനുഷ്യർക്കും ദേഷ്യമുണ്ട്.  കാരണം കൂടാതെയും നമ്മൾ ദേഷ്യപ്പെടാറുണ്ട്. മൃഗങ്ങൾക്ക് ജീവൻ നഷ്ടപെടുന്നുണ്ട്.  മനുഷ്യർക്കും മരണമുണ്ട്‌. മൃഗങ്ങൾക്ക് കഷ്ടതകൾ ഉണ്ട്. മനുഷ്യർക്കും ഒരു പക്ഷെ മൃഗങ്ങളെക്കാളും കഷ്ടതകൾ ഉണ്ടാകുന്നുണ്ട്.
        മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നു നമുക്കിനി നോക്കാം. ഭൂമിയിൽ ബൗദ്ധികമായും നാഡീപരമായും ഏറ്റവും കൂടുതൽ പരിണാമം സംഭവിച്ചിട്ടുള്ളത് മനുഷ്യർക്കാണ്. ഇത് ഒരു പ്രധാനപെട്ട വ്യത്യാസമാണ്. ഇത് കൂടാതെ വളരെ പ്രസക്‌തമായ മറ്റൊരു കാര്യം കൂടി ഉണ്ട്. ഇതിനെ പറ്റി മനസിലാക്കാൻ മനുഷ്യൻ ഏതൊക്കെ തരത്തിലുള്ള കർമങ്ങളാണ് ചെയ്യുന്നതെന്നു മനസിലാക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.
        1. ശരീരികമായ പ്രവർത്തനങ്ങൾ
        2. മാനസികമായ പ്രവർത്തനങ്ങൾ
        3. വൈകാരികമായ പ്രവർത്തനങ്ങൾ
        4. ഉർജ്ജപരമായ പ്രവർത്തനങ്ങൾ
ഈ പ്രവർത്തനങ്ങളെ പറ്റി അൽപ്പം പ്രതിപാദിക്കാൻ ഇവിടെ ആഗ്രഹിക്കുന്നു.

ശാരീരികമായ പ്രവർത്തനങ്ങൾ :
    ഒരു വ്യക്തി കസേരയിൽ ഇരിക്കുന്നതായ് സങ്കല്പിക്കുക. ഇരിക്കുമ്പോൾ തന്നെ ആ വ്യക്തിക്ക് തന്റെ കാലുകൾ പതുക്കെ അനക്കാൻ സാധിക്കും. കൈകൾ ചെറുതായി അനക്കാൻ സാധിക്കും. കണ്ണുകൾ തുറക്കാനും അടക്കാനും സാധിക്കും. മറ്റനേകം പ്രവർത്തികൾ ചെയുവാൻ സാധിക്കുന്നതാണ്. ഇതെല്ലാം തന്നെ ശാരീരികമായ പ്രവർത്തനങ്ങളിൽ വരുന്നതാണ്.

മാനസികമായ പ്രവർത്തനങ്ങൾ :
    നമ്മൾ സങ്കല്പിച്ച വ്യക്തിക്ക് കസേരയിൽ ഇരിക്കുമ്പോൾ തന്നെ ധാരാളം കാര്യങ്ങളെ പറ്റി ചിന്തിക്കുവാൻ സാധിക്കും. ഇവയെല്ലാം മാനസികമായ പ്രവർത്തനങ്ങളാണ്.
വൈകാരികമായ പ്രവർത്തനങ്ങൾ :
     വൈകാരികമായ പ്രവർത്തനങ്ങളും മാനസികമായ പ്രവർത്തനങ്ങളിൽ വരുന്നതാണ്. എന്നിരുന്നാലും ഇതിനെ വ്യത്യസ്‌തമായ ഒരു പ്രവർത്തനമായി ഉൾപെടുത്തിയിരിക്കുകയാണ്. ഇതിന്റെ കാരണം എന്നു പറയുന്നത് വൈകാരികമായ പ്രവർത്തനങ്ങൾക്ക് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രഭാവം ഉണ്ടാകുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന് സാധാരണയായി ഉള്ള നമ്മുടെ ചിന്തകൾക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രഭാവത്തെക്കാളും ക്രോധം ഉണ്ടാകുമ്പോഴുള്ള പ്രഭാവം കൂടുതലാണ്.

ഉഉർജ്ജപരമായ പ്രവർത്തനങ്ങൾ :
     നമ്മുടെ ശരീരവും ചുറ്റുപാടുകളും തമ്മിലുള്ള ഉഉർജ്ജത്തിന്റെ കൈമാറ്റങ്ങളാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.
മൃഗങ്ങൾക്ക് ശരീരത്തിൽ നടക്കുന്ന രാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മുകളിൽ പറഞ്ഞിരിക്കുന്ന നാല് പ്രവർത്തനങ്ങളും നടക്കുന്നത്. മനുഷ്യരിലും രാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവ ഉണ്ടാകുന്നതെങ്കിലും അവയെ തിരഞ്ഞെടുക്കനുള്ള പ്രാപ്തി പ്രകൃതി നല്കിയിരിക്കുന്നു. അതായത് നാം എന്ത് പ്രവർത്തിക്കണം എന്നുള്ളത് തിരഞ്ഞെടുക്കാനുള്ള കഴിവ് ദൈവം നമുക്ക് നല്കിയിട്ടുണ്ട്. അതിനാൽ തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന നാല് പ്രവർത്തനങ്ങൾ നമ്മിലെ രാസ പ്രവർത്തനങ്ങളാണോ അതോ നാമാണോ നിയന്ത്രിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
      യേശുക്രിസ്തു തന്റെ ജീവിതത്തിൽ ഈ നാല് പ്രവർത്തനങ്ങളെ എങ്ങനെ കൈകാര്യം ചെയ്തെന്നു നമുക്കൊന്നു നോക്കാം.

ശാരീരികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു ആദ്യം നോക്കാം. ഈ പ്രപഞ്ചത്തെ വഹിച്ചിരിക്കുന്ന ശക്‌തിയുടെ ഉറവിടം യേശു ക്രിസ്തു ആണെങ്കിലും റോമൻ പടയാളികളാൽ പിടിക്കപ്പെട്ടപ്പോൾ സ്വയം രക്ഷപെടാനായി അദ്ദേഹം യാതൊരു അത്ഭുത പ്രവർത്തികളും ചെയ്‌തതായി കാണുന്നില്ല. അനേകർ അദ്ദേഹത്തെ അടിക്കുകയും തുപ്പുകയും ചെയ്തു. അദ്ദേഹം അവരെ ശപിക്കുകയോ തിരിച്ചുപദ്രവിക്കുകയോ ചെയ്‌തില്ല. അവസാന ശ്വാസം വരെയും അവരോടു ക്ഷമിക്കുവാൻ തയ്യാറായി. ശാരീരികമായ പ്രവർത്തനങ്ങൾ യേശുക്രിസ്തു തന്റെ പൂർണ നിയന്ത്രണത്തിൽ വെച്ചിരുന്നതായ് ഇതിൽ നിന്നും മനസിലാക്കും.

മാനസികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. നാല്പതു ദിവസത്തെ കഠിനമായ നോമ്പിനും പ്രാർത്ഥനയ്ക്കും ശേഷം മാനസികമായും ശാരീരികമായും  തളർന്നിരുന്നപ്പോൾ  യേശുക്രിസ്തുവിനെ പരീക്ഷിക്കുന്നതിനായ് പരീക്ഷകൻ വന്നപ്പോൾ അതിനു സാക്ഷി ആവുക മാത്രമാണ് യേശുക്രിസ്തു ചെയ്തത്. പരീക്ഷകന്റെ പ്രേരണകൾക്ക് അടിമപ്പെടുകയുണ്ടായില്ല. മാനസികമായ പ്രവർത്തനങ്ങളെയും യേശുക്രിസ്തു തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം. (വി. ലൂക്കോസ് 4:1-14)

വൈകാരികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. യേശുക്രിസ്തുവിനെ ക്രൂശിക്കുവാനായ് ഗോൽഗോഥായിലേക്ക് കൊണ്ടുപോയപ്പോൾ യെരുശലേം സ്ത്രീകൾ യേശുവിന്റെ ദുഖത്തെ ഓർത്തു കരഞ്ഞപ്പോൾ യേശുക്രിസ്തു അവരെ ആശ്വസിപ്പിക്കുന്നതായ് നമുക്ക് കാണാൻ സാധിക്കും. ശാരീരികമായി കഷ്ടതകൾ അനുഭവിക്കുമ്പോഴും വൈകാരികമായി യേശുക്രിസ്തു ശക്‌തനായിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. (വി. ലൂക്കോസ് 23:27-29)

ഉഉർജ്ജപരമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ധാരാളം അത്ഭുതങ്ങൾ ചെയ്തതായി കാണാം. എന്നാൽ സ്വന്തം ആവശ്യത്തിനായി അദ്ദേഹം ഒരു അത്ഭുതവും ചെയ്തതായി കാണുന്നില്ല. തന്നെയുമല്ല ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവശ്യമയി  അദ്ദേഹം തന്റെ ഉള്ളിൽ സംക്ഷിപ്‌തമായ ശക്‌തിയിൽ നിന്നോ അല്ലെങ്കിൽ പുറത്ത് നിന്നുള്ള ദൈവികമായ ശക്‌തിയോ ഒരു പക്ഷെ ആശ്രയിച്ചിരുന്നിരിക്കണം. എന്നിരുന്നാലും ഈ ശക്‌തിയെ ദൈവീകമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നത് വഴി ഉർജ്ജപരമായ പ്രവർത്തനവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.

നാം നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ഉർജ്ജപരവുമായ പ്രവർത്തനങ്ങളെ എത്രത്തോളം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് എന്നുള്ളതാണ് ഇനിയുള്ള ചോദ്യം. ഇവയെ നിയന്ത്രണത്തിലാക്കുക എന്നുള്ളത് തന്നെ ആണ് ആധ്യാത്മികഥയുടെ ലക്ഷ്യം എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്.
അങ്ങനെയെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാനപെട്ട വ്യത്യാസം എന്നു പറയുന്നത് മനുഷ്യന് ശാരീരികവും മാനസികവും വൈകാരികവും ഉർജ്ജപരവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി ഉണ്ട് എന്നുള്ളത് തന്നെ ആണ്. 

No comments:

Post a Comment