Thursday, July 25, 2019

9.മരണാനന്തര ജീവിതം എപ്രകാരമായിരിക്കും?


മരണാനന്തര ജീവിതത്തെ പറ്റി ക്രൈസ്തവ വിശ്വാസത്തെയും ഹൈന്ദവ  വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തി ചില കാര്യങ്ങളാണ് ഇവിടെ അവലോകനം ചെയ്‌തിരിക്കുന്നത്.

ക്രൈസ്‌തവ ദർശനം :
ക്രൈസ്‌തവരുടെ ദർശനം മനസിലാക്കാൻ മൂന്ന് കാര്യങ്ങൾ ഇവിടെ പഠന വിഷയമാക്കുകയാണ്.
a) 1 പത്രോസ് 3:19
    "ആത്മാവിൽ അവൻ ചെന്നു പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു."
b) ക്രൂശിക്കപ്പെടുന്ന വേളയിൽ വലത്തു ഭാഗത്തെ കള്ളന്റെ അവസാന ദിനമാണെന്ന്‌ അറിഞ്ഞിട്ടും യേശുക്രിസ്തു അവനോടു "നീ ഇന്ന് മുതൽ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും" എന്നു പറയുന്നുണ്ട്.
c) ധനവാന്റെയും ലാസറിന്റെയും മരണാനന്തരം ധനവാൻ ദുഃഖാവസ്ഥയിലും ലാസർ സന്തോഷാവസ്ഥയിലും ആണെന് നമുക്ക് മനസിലാക്കാൻ സാധിക്കും.
       മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുമിക്കാം.
       1. മരണാനന്തരവും ആദ്ധ്യാത്മിക പുരോഗതി പ്രാപിക്കാൻ പറ്റുമെന്നു നോഹയുടെ കാലത്തെ ആത്മാക്കളുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നു. അതിനാൽ തന്നെ വാങ്ങിപോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഉചിതമാണ്.
       2. മരണ സമയത്തിന് മുൻപായി ദൈവസ്നേഹം തിരിച്ചറിഞ്ഞ കള്ളൻ മരണാനന്തരം യേശുക്രിസ്തു പറഞ്ഞത് പോലെ സന്തോഷാവസ്ഥയിൽ എത്തി എന്നു വേണം അനുമാനിക്കാൻ.
       3. ഈ ഭൂമിയിൽ നാം ജീവിച്ചിരിക്കുമ്പോൾ ചെയ്ത കർമങ്ങൾക്ക് അനുസൃതമായിട്ടുള്ള സന്തോഷവും ദുഖവും നമ്മെ പിന്തുടരും എന്നു ധനവന്റെയും ലാസറിന്റെയും കഥ നമ്മെ ഓർമ പെടുത്തുന്നുണ്ട്.
      
ഹൈന്ദവ ദർശനം :
       കർമ്മങ്ങൾക്ക്  അനുസൃതമായ സന്തോഷവും ദുഖവും നമ്മെ പിൻതുടരുമെന്നും മരണസമയത്തു എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചു സ്വയം പരമാത്മാവിൽ സമർപ്പിക്കുവാൻ സാധിക്കുമെങ്കിൽ ഈശ്വരനിൽ ലയിച്ചു ചേരുമെന്നും അല്ലാത്ത പക്ഷം വീണ്ടും മറ്റൊരു രൂപത്തിൽ ജനിക്കേണ്ടിവരുമെന്നും നമുക്ക് ഹൈന്ദവ ദർശനത്തിൽ കാണാൻ സാധിക്കും.

മുകളിൽ പറഞ്ഞിരിക്കുന്നതിൽ ക്രൈസ്തവ ദർശനമാണോ ഹൈന്ദവ ദർശനമാണോ ശരി എന്നു കൃത്യമായി പറയാൻ ഈ ലേഖകന്  ജ്ഞാനം പ്രാപ്‌തമായിട്ടില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ കണക്കിലെടുത്തു നമുക്കൊരു നിഗമനത്തിലെത്താൻ  പരിശ്രമിക്കാം. അതിനായ് രണ്ട് ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ നാം ആദ്യം ശ്രമിക്കണം.
1. സ്വർഗം എവിടെയാണ്?
2. നരകം എവിടെയാണ്?
         നമ്മുടെ സഹജീവികളോട് അറിഞ്ഞും  അറിയാതെയും നാം ചെയ്തു പോയിട്ടുള്ള തെറ്റുകൾ ആദ്യം സ്വയം അംഗീകരിച്ചു  അവരോടു ക്ഷമ ചോദിക്കുന്നിടമാണ് സ്വർഗ്ഗമായി മാറുന്നത്. ഇത് മനസിലാക്കുന്നതിനായ് ചില ഉദാഹരണങ്ങൾ നോക്കാം. യെശയ്യാ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് നാട് ഭരിച്ചിരുന്നത് ജനങ്ങൾക്ക് എത്രയും  പ്രിയങ്കരനായിട്ടുള്ള ഉസിയാ രാജാവാണ്. കുഷ്ഠരോഗം എന്നുള്ളത് ദൈവ കോപമായ്‌ ജനങ്ങൾ കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്. അങ്ങനെയിരിക്കെ ഉസിയാ രാജാവിന് കുഷ്ഠരോഗം പിടിപെട്ടു മരിച്ചു പോയി. ദൈവം രാജാവിനോട് അനീതി കാണിച്ചതായി ജനങ്ങളെല്ലാം കരുതുകയും ദൈവത്തെ പഴി പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. ഒരു പക്ഷെ യെശയ്യാ പ്രവാചകനും അറിഞ്ഞോ അറിയാതെയോ ദൈവത്തെ തന്റെ മനസ്സിൽ പഴി പറഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹം ദേവാലയത്തിൽ ധ്യാനിച്ചിരിക്കുമ്പോൾ ഒരു പ്രത്യേക ദർശനം കാണുകയുണ്ടായി. ഉസിയാ രാജാവിന്റെ മരണത്തെ ഓർത്തു ജനങ്ങൾ ദൈവത്തെ കുറ്റമുള്ളവനായ് വിധിച്ചപ്പോൾ  യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ മാലാഖമാർ ദൈവം പരിശുദ്ധനെന്ന് പറയുന്നത് കാണുമ്പോൾ യെശയ്യാ പ്രവാചകൻ തന്റെ തെറ്റു ബോധ്യപ്പെട്ട് താൻ കുറവുള്ളവനാണെന്നു ദൈവ മുൻപാകെ സമ്മതിച്ചപ്പോൾ  മാലാഖമാരുടെ കൂടെ പരാമനാനന്ദത്തിൽ  ദൈവത്തെ സ്തുതിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു.
         മറ്റൊരു ഉദാഹരണം നോക്കാം. ഏതേൻ തോട്ടത്തിൽ ആദാമും ഹവ്വയും സ്വയം പരസ്പരം പഴി ചാരാതെ തങ്കൾക് പറ്റിയ തെറ്റുകൾ ദൈവ മുൻപാകെ സമ്മതിച്ചിരുന്നെങ്കിൽ അവർക്ക് തുടർന്നും സ്വർഗത്തിൽ തന്നെ തുടരാമർന്നു.
         മറ്റൊരു ഉദാഹരണം കൂടി നോക്കാം. മുടിയനായ പുത്രന്റെ കഥയിൽ അവൻ തന്റെ തെറ്റ് അംഗീകരിച്ചു പിതാവിന്റെ സ്നേഹത്തിൽ തിരികെ വന്നപ്പോൾ ആ ഭവനം കൂടുതൽ സ്വർഗ്ഗമായി തീരുകയാണ് ചെയ്തത്.
         എവിടെയാണോ തമ്മിൽ തമ്മിൽ അംഗീകാരം ഇല്ലാത്തത്, എവിടെയാണോ പരസ്പരം ക്ഷമിക്കാത്തതു, എവിടെയാണോ പരസ്പരം കുറ്റപ്പെടുത്തുന്നത്,  അവിടെയാണ് നരകം സൃഷ്ടിക്കപ്പെടുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർഗ്ഗവും നരകവും ശരി എങ്കിൽ എപ്രകാരമാണ് ഇവ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത്??
       മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ രത്ന ചുരുക്കം ഇപ്രകാരമാണ്. നമ്മുടെ ഹൃദയങ്ങളിലാണ് വാസ്തവത്തിൽ സ്വർഗ്ഗവും നരകവും ഒക്കെ സൃഷ്ടിക്കപ്പെടുന്നത്. അത്കൊണ്ടാണ് യേശുക്രിസ്തു വി. ലൂക്കോസ് 5:17 ൽ  ഇപ്രകാരം പറഞ്ഞിരിക്കുന്നത് :"സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ് ". സ്വർഗ്ഗവും നരകവും ഒരു പ്രത്യേക സ്ഥലങ്ങളായി പരിഗണിക്കേണ്ടതില്ല. എപ്പോഴാണോ നമ്മുടെ ഹൃദയങ്ങളിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെടുന്നത് ആ പരമാനന്ദം മരണശേഷവും നമ്മോടൊപ്പം കാണും എന്നുളത് സുനിശ്ചിതമാണ്. അതിനാൽ അങ്ങനെയുള്ള വ്യക്തികൾക്കു മരണശേഷം എന്ത് സംഭവിക്കും എന്നോർത്തു പേടിക്കണ്ട ആവശ്യകത ഇല്ല. (If we are in union with God right now, we dont have to worry what happens after death)
മറിച്ചു നമ്മുടെ ഹൃദയങ്ങളിൽ നരകമാണ് സൃഷ്ടിക്കപെടുന്നതെങ്കിൽ മരണ ശേഷവും നരക തുല്യമായി തീരുന്നതാണ്.

SUGGESTED RELATED LINKS:



Tuesday, July 23, 2019

8.ഉപാധികളില്ലാതെ സ്നേഹിക്കുന്ന ദൈവം ഈ സൃഷ്ടി നടത്തിയ സമയം എന്ത് കൊണ്ടാണ് ഈ പ്രപഞ്ചത്തിൽ കഷ്ടതകൾ വിഭാവനം ചെയ്തത്?


കഷ്ടതകൾ രണ്ട് തരത്തിലാണ് ഈ പ്രപഞ്ചത്തിൽ ഉള്ളത്. 
         1. മാനസികമായ കഷ്ടതകൾ
         2. ശാരീരികമായ കഷ്ടതകൾ
        
    മാനസികമായ കഷ്ടതകൾ നമ്മുടെ മനസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഉദാഹരണമായി ചിലരുടെ പെരുമാറ്റങ്ങൾ നമ്മുടെ ഉള്ളിൽ ക്രോധവും ദുഖവും പല സന്ദർഭങ്ങളിലും ജനിപ്പിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളെ പറ്റി ശ്രദ്ദയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ പറ്റുന്നത് ഇതാണ് : നമ്മുടെ ശരീരത്തിന് പുറത്ത് നടക്കുന്ന പല സാഹചര്യങ്ങളും നമ്മുടെ മനസിന്റെ അവസ്ഥയെ ബാധിക്കുന്നു എന്നുള്ളതാണ്.  ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വന്നപ്പോൾ യേശു ക്രിസ്തുവിന്റെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്നു നമുക്കൊന്നു നോക്കാം. വി. മാർക്കോസ് 4:35-41 ൽ ഇപ്രകാരം കാണാൻ സാധിക്കും. ഭയങ്കരമായ കാറ്റും കോളും വലിയ തിരമാലകളും വന്നപ്പോഴും യേശു ക്രിസ്തുവിനു  ശാന്തമായി ഉറങ്ങാൻ കഴിഞ്ഞു. അതെ പ്രകാരം യേശു ക്രിസ്തു തന്റെ മരണസമയത്തു മറ്റുള്ളവർ തന്നെ അടിച്ചിട്ടും, തുപ്പിയിട്ടും, ആക്ഷേപിച്ചിട്ടും അവരോടൊക്കെ ക്ഷമിക്കാൻ സാധിക്കുന്നതായിട്ടും നമുക്ക് കാണാൻ സാധിക്കും. ഈ രണ്ട് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് എന്താണെന്നു നോക്കിയാൽ പുറത്തുള്ള ഏത് വിഭിന്നമായ സാഹചര്യവും യേശുക്രിസ്തുവിന്റെ മനസിന്റെ സന്തോഷാവസ്ഥയെ ബാധിക്കുന്നില്ല എന്നു വേണം മനസിലാക്കാൻ. നാമും ഇതേ പ്രകാരം യേശുക്രിസ്തുവിനെ അനുകരിക്കുവാൻ  ശ്രമിക്കുകയാണെങ്കിൽ മാനസികമായ കഷ്ടതകളെ ഒരു പരിധി വരെ എങ്കിലും മാറ്റുവാൻ സാധിക്കും. അതായത് നമ്മുടെ മനസിനെ നമുക്ക് പൂർണമായും നിയന്ത്രണ വിദേയമാക്കാൻ സാധിക്കുമെങ്കിൽ മാനസിക കഷ്ടതകൾ യേശു ക്രിസ്തുവിനെ പോലെ നിയന്ത്രിക്കാൻ സാധിക്കും.
      ശാരീരികമായ കഷ്ടതകൾ ഈ പ്രപഞ്ചത്തിൽ ദൈവം നിശ്ചയിച്ച നിയമങ്ങളുടെ കാരണത്താൽ ആണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന്  ഒരു ഭിത്തിയിൽ നമ്മുടെ കൈകൾ ശ്കതമായി ഇടിച്ചാൽ നമുക്ക് വേദന ഉണ്ടാകുന്നതിന്റെ കാരണം ന്യൂട്ടണ്സ് തേർഡ് ലോ പ്രകാരമാണ്.  (To every action there is equal and opposite reaction) അങ്ങനെയെങ്കിൽ എന്ത്കൊണ്ട് ദൈവം ഈ പ്രപഞ്ച നിയമങ്ങളെ  ഇങ്ങനെ സൃഷ്ടിച്ചു എന്നു നാം മനസ്സിലാക്കാൻ ശ്രമിക്കണം.  ട്രെയിൻ അതിന്റെ   കൃത്യമായ വേഗത്തിൽ ഓടണമെങ്കിൽ ഉഉർജ്ജത്തിനൊപ്പം ആഴത്തിൽ ഉറച്ച പാളം അത്യന്താപേക്ഷിതമാണ്.  അതെ പ്രകാരം ഈ പ്രപഞ്ചം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ വളരെ കൃത്യമായ ദൃഢമാർന്ന നിയമങ്ങൾ ആവശ്യമാണ്. 
       
മുകളിൽ പറഞ്ഞിരിക്കുന്നത് ശരിയും ദൈവത്തിനു അസാധ്യമായതായി ഒന്നും തന്നെ ഇല്ലാതെയും ഇരിക്കെ സൃഷ്ടിക്ക് കഷ്ടതകൾ ഉണ്ടാകാത്ത നിയമങ്ങൾ എന്ത് കൊണ്ട് ദൈവം സൃഷ്ടിച്ചില്ല?
        ദൈവത്തിനു തീർച്ചയായും കഷ്ടതകൾ ഇല്ലാത്ത നിയമങ്ങൾ സൃഷ്ടിക്കമായിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു പ്രപഞ്ചത്തിന്റെ നിലനില്പ് സാധ്യമായി വരണമെന്നില്ല. ഉദാഹരണത്തിന് ഒരു ഇലെക്ട്രോണിന്റെ ചാർജ് 1.6*10^_19 coulombs എന്നുള്ളതിന് നേരിയ വ്യത്യാസം സംഭവിച്ചിരുന്നു എങ്കിൽ ഈ പ്രപഞ്ചം നിലനില്കുകയിലായിരുന്നു എന്ന്  ശാസ്ത്രം ഇന്നു അവകാശപെടുന്നുണ്ട്. മറ്റൊരു ഉദാഹരണം നമുക്കൊന്നു നോക്കാം. സ്വർഗത്തിൽ തിന്മകളോ കഷ്ടതകളോ ഇല്ലെന്നു നാം വിശ്വസിക്കുന്നു.  അങ്ങനെയെങ്കിൽ സ്വർഗത്തിൽ ജനിച്ച ഒരു കുഞ്ഞിനെ തിന്മ നിറഞ്ഞ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയാണെങ്കിൽ അതിനു ഇവിടെ അതിജീവിക്കാൻ വളരെ പ്രയാസമായിരിക്കും. അത് പോലെ മറ്റൊരു ഉദാഹരണം എടുത്ത് നോക്കാം. റോസാ പുഷ്പത്തിനു മുള്ളുകൾ ദൈവം നല്കിയിരുന്നില്ലെങ്കിൽ ഭൂമുഖത്തു നിന്നും വളരെ പണ്ട് തന്നെ  ഈ സസ്യത്തിനു  വംശനാശം സംഭവിക്കുമാരുന്നു. അത് പോലെ നന്മയും തിന്മയും നമ്മുടെ ആത്യന്തികമായ വളർച്ചക്ക് ആവശ്യമായത് കൊണ്ടാകാം ദൈവം സൃഷ്ടി ഇപ്രകാരം നടത്തിയിരിക്കുന്നത്.

Sunday, July 21, 2019

7.അധർമ്മത്തിൽ നിന്നും പിന്തിരിയാത്തവരോട് ദൈവത്തിന്റെ പ്രതികരണം എപ്രകാരമായിരിക്കും?

മുടിയനായ പുത്രന്റെ കഥയിൽ നിന്നും ഉപാധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നവനാണ് ദൈവം എന്നു നാം മനസിലാക്കുന്നു. "നല്ലവരുടെയും ദുഷ്ടന്മാരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും അനീതി ചെയുന്നവരുടെമേലും തന്റെ മഴ പെയ്ക്കുകയും ചെയുന്നവനാണ് ദൈവം " എന്നു വി. മത്തായി 5:45 ൽ യേശുക്രിസ്തു നമ്മോട് പറയുന്നു. ദൈവം പിതാവെന്ന നിലയിൽ മനുഷ്യരായ നാം മക്കളെന്ന നിലയിലും അധർമത്തിൽ മുഴുകിയിരിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായ് ആ വ്യക്തിയുടെ അവസാന ശ്വാസം വരെയും ശ്രമിച്ചു കൊണ്ടേയിരിക്കും എന്ന് യേശുക്രിസ്തു തന്റെ വലത്തു ഭാഗത്തെ കള്ളനെ മരണ സമയത്ത് ആശ്വസിപ്പിക്കുന്നത് വഴി നമുക്ക് മനസിലാക്കാൻ സാദിക്കും. മരണാന്തരവും ആ ശ്രമം തുടരുന്നു എന്നു വി. പത്രോസ് 3:19 ൽ നിന്നും മനസിലാക്കാം. "ആത്മാവിൽ അവൻ (കർത്താവ് ) ചെന്നു നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘ ക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു."

6.തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവനാണോ ദൈവം?

തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്ന ഒരു ദൈവത്തെ അല്ല യേശു ക്രിസ്തു പരിചയപെടുത്തുന്നത്. തന്റെ മകന്റെ തിരിച്ചു വരവിനെ പ്രതീക്ഷിച്ചു എല്ലാ ദിവസവും ഭവനത്തിന്റെ മുൻപിൽ കാത്തു നിൽക്കുന്ന സ്നേഹവാനായ പിതാവായാണ് യേശു ക്രിസ്തു ദൈവത്തെ അവതരിപ്പിക്കുന്നത്. ആരെയും ന്യായം വിധിക്കാത്ത ഒരു ദൈവത്തെയാണ് യേശുക്രിസ്തു പരിചയപ്പെടുത്തുന്നത്. മൂത്ത പുത്രനാണ് വാസ്തവത്തിൽ ഈ കഥയിൽ മറ്റുള്ളവരെ വിധിക്കുന്നത്. ഇത് വളരെ ശ്രദ്ധേയവും വളരെ ആഴത്തിൽ ചിന്തിക്കേണ്ടതുമായ ഒരു വിഷയം ആണ്. ഇന്ന് ക്രൈസ്തവ സഭകളിൽ പോലും ഇങ്ങനെയുള്ള ഒരു ദൈവത്തെ അല്ല പിതാക്കന്മാർ ജനങ്ങൾക്ക്‌ പരിചയപെടുത്തിക്കൊടുക്കുന്നത് . വാസ്തവത്തിൽ ദൈവ സ്നേഹം സദാ അവിടെ തന്നെ ഉണ്ട്.  നാമാണ് ആ നിസ്വാർത്ഥ  സ്നേഹത്തിൽ നിന്നും അകന്നു പോവുകയും പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ കുടുങ്ങി പോവുകയും ചെയുന്നത്. ഉസിയാ രാജാവിന്റെ മരണത്തെ ഓർത്തു ജനങ്ങൾ ദൈവത്തെ കുറ്റമുള്ളവനായ് വിധിച്ചപ്പോൾ  യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ മാലാഖമാർ ദൈവം പരിശുദ്ധനെന്ന് പറയുന്നത് കാണുമ്പോൾ യെശയ്യാ പ്രവാചകൻ തന്റെ തെറ്റു ബോധ്യപ്പെട്ട് തെറ്റിൽ നിന്നും പിൻതിരിഞ്ഞത്പോലെ നാമും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ നിന്നും പിന്മാറാൻ പരിശ്രമിക്കേണ്ടതുണ്ട്.

ഈ വിഷയത്തെ പറ്റിയുള്ള ആഴമായ അറിവ് ലഭിക്കുനതിനു വേണ്ടി ദയവു ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ  പോവുക.
1. http://johnkunnathu.blogspot.com/
2. https://www.youtube.com/playlist?list=PLvibIO39CfeJFhrT_sdtwgDUaSPAHw2Bk

5.എന്താണ് ശരി? എന്താണ് തെറ്റ്?

     പരമാത്മാവിലേക്ക് നമ്മെ നയിക്കുന്ന ഏത് മാർഗവും ശരിയാണ്.
     പരമാത്മാവിൽ നിന്നും നമ്മെ ദൂരേക്ക് നയിക്കുന്ന ഏത് മാർഗ്ഗവും തെറ്റാണു. 

4.എല്ലാ മനുഷ്യരിലും പരമാത്മാവിന്റെ അംശം ഉണ്ടെങ്കിൽ കർമ്മങ്ങളിലെ ശരിയും തെറ്റും പരമാത്മാവാണോ പ്രവർത്തിക്കുന്നത്?

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും തങ്ങൾക്കു ഇഷ്ടമുള്ളത് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്കിയിട്ടുണ്ട്. എല്ലാ മനുഷ്യരിലും പരമാത്മാവിന്റെ അംശം ഉണ്ട് എന്നുള്ളത് സത്യം തന്നെ. മുകളിൽ പറഞ്ഞ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് വേണ്ടി മനുഷ്യർ എപ്രകാരമാണ് കർമങ്ങൾ ചെയുന്നത് എന്നു ആദ്യം മനസിലാക്കേണ്ടതുണ്ട്. മനുഷ്യന് അഞ്ചു ഇന്ദ്രീയങ്ങളാണുള്ളത്. കണ്ണുകൾക്ക് 380-740 nm തരംഗ ദൈർഖ്യമുള്ള വെളിച്ചം മാത്രമേ കാണാൻ സാധിക്കൂ.  ചെവികൾക്ക് 20-20KHz ദൈർഖ്യമുള്ള ശബ്ദം മാത്രമാണ് കേൾക്കാൻ സാദിക്കുന്നത്. മൂക്കിന് 1 Trillion ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ത്വക്കിന്‌ 50mm അപ്പുറമുള്ള വസ്തുക്കളെ സ്പർശിക്കാതെ തിരിച്ചറിയാൻ സാധിക്കില്ല. അതായത് അനന്തമായ ഈ പ്രപഞ്ചത്തിലെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ദ്രീയങ്ങളിൽ കൂടി നമ്മിലേക്ക്‌ പ്രവേശിക്കുന്നത്. അതിനാൽത്തന്നെ പല കാര്യങ്ങളെ പറ്റിയും നാം അജ്ഞരാണ്. ഇന്ദ്രിയങ്ങളിൽ കൂടി വരുന്ന പരിമിതമായ അറിവിനെ ആശ്രയിച്ചും നമ്മിലെ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ആണ് മനുഷ്യർ തങ്ങളുടെ കർമങ്ങൾ പ്രവർത്തിക്കുന്നത്. മനുഷ്യരിലെ അജ്ഞത ഭീകരമാണെന്നതിനാൽ തെറ്റ് വരുത്താനുള്ള സാധ്യത സ്വാഭാവികമാണ്. അതായത് മനുഷ്യരിലെ അജ്ഞതയാണ് തെറ്റ് പ്രവർത്തിക്കുന്നത്. ഇത് യേശു ക്രിസ്തു നല്ലത് പോലെ മനസിലാക്കിയിരുന്നത് കൊണ്ടാണ് തന്നെ ഉപദ്രവിക്കുന്നവരോട് പോലും ക്ഷമിക്കാൻ തയാറാകുന്നത്.
       എന്നിരുന്നാലും പരമാത്മാവിന്റെ അംശം നമ്മിലുള്ളൊണ്ട് ആ തെറ്റുകളെ തിരുത്താൻ നമുക്ക് സാധിക്കും. ഒരു രത്നം പൂഴിയിൽ പുതഞ്ഞു കിടക്കുകയാണെങ്കിൽ അത് തിളങ്ങുകയില്ല. അതെ പ്രകാരം നമ്മുടെ ഇന്ദ്രിയങ്ങളിൽ കൂടി കടന്നു വരുന്ന അറിവുകളെ മാത്രമാണ് യാതാർഥ്യം എന്ന് കരുതി അതിനപ്പുറത്തേക്ക് യാതൊന്നും ഇല്ല നാം കരുതുകയാണെങ്കിൽ അങ്ങനെയുള്ള മനുഷ്യർ തങ്കളിലെ പരമാത്മാവിന്റെ അംശത്തെകാളും സർവോപരി മാനിക്കുനത് ശരീരത്തിന്റെ സുഖദുഃഖങ്ങൾ ആയിരിക്കും. ജീവനു കരണമായിട്ടുള്ള പരമാത്മാവിന്റെ അംശവും  ശരീരത്തിന്റെ അനുഭവങ്ങളും വിഭിന്നമാണെന്നു മനസിലാക്കാൻ കഴിയാതെ പോകും. അത് കൊണ്ടാണ് യേശു ക്രിസ്തു സ്വർഗ്ഗരാജ്യത്തെ ( നമ്മിലെ പരമാത്മാവിന്റെ അംശത്തെ ) വയലിൽ കുഴിച്ചിട്ടിരിക്കുന്ന നിധിയോടും വൃദ്ദയായ സ്ത്രീയുടെ കാണാതെ പോയ ബ്രഹ്മയോടും താരതമ്യപ്പെടുത്തിയിരിക്കുന്നത്. 

Saturday, July 20, 2019

3.നമ്മിൽ വസിക്കുന്ന ആത്മാവിനെ തിരിച്ചറിയാനുള്ള മാർഗ്ഗമെന്താണ്?

നമ്മുടെ ഈ ജീവിതത്തിൽ നാം പ്രാപ്തമാക്കിയിട്ടുള്ള സമ്പത്തും ജ്ഞാനവും, ചിന്തകളും , ഗുണങ്ങളും, കഴിവുകളും പരമാത്മാവിന്റെ മുന്നിൽ നന്നേ ചെറുതാണെന്ന് നാം തിരിച്ചറിയുമ്പോൾ അഥവാ നമ്മുടെ ഈ ശരീരം ഭൂമിയിലെ ഒരു പിടി മണ്ണാണെന്നും ഒരു ദിവസം ഈ ശരീരം ഭൂമിയിൽ അലിഞ്ഞു ചേരുമെന്നും ഹൃദയത്തിൽ ഉൾക്കൊണ്ട്  ദൈവസ്നേഹത്താൽ ആണ് ഈ ഹ്രസ്വമായ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കി പരമാത്മാവിന്റെ മുൻപിൽ സ്വയം സമ്പൂർണമായി സമർപ്പിക്കുമ്പോഴാണ് (surrender) നമുക്ക് നമ്മിലെ ആത്മാവിനെ തിരിച്ചറിയാൻ സാധിച്ചു തുടങ്ങുന്നത്. 

2.എന്താണ് ആത്മാവ്? ആത്മാവിന്റെ പുരോഗതി സംഭവ്യമാകുന്നത് എപ്രകാരമാണ്?

മനുഷ്യർ രഥം ഉപയോഗിക്കുന്നത് പോലെ ആണ് ആത്മാവ് ശരീരം എന്ന് നാമമുള്ള ഈ യന്ത്രം ഉപയോഗിക്കുന്നത്. മനുഷ്യർ രഥം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പായ്ക്കുന്നത് പോലെ ആത്മാവ് നമ്മെ പരമാത്മാവിലേക്ക് നയിക്കാൻ സദാ പരിശ്രമിച്ചു കൊണ്ടേയിരിക്കും. നാം നമ്മെ തന്നെ പരമാത്മാവിന്റെ മുൻപിൽ സ്വയം സമ്പൂർണമായി സമർപ്പിക്കുമ്പോൾ (surrender) നമുക്ക് നമ്മുടെ ആത്മാവിനെ അറിയുവാൻ സാധിക്കും.

2018 ൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവെക്കുന്നു.

"ഞാൻ പള്ളിയിൽ പോയി. ആരും അവിടെ ഉണ്ടായിരുന്നില്ല. കതക്  അടച്ചതിനാൽ എനിക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പള്ളിയുടെ വാതിലിനുമുന്നിൽ ഒരു ലോഹ ഭാഗം കേന്ദ്രീകരിച്ച് ഞാൻ പള്ളിയുടെ വാതിലിനു മുന്നിൽ നിന്നു. കുട്ടിക്കാലം മുതലുള്ള എന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളെക്കുറിച്ചും ഞാൻ ബോധപൂർവ്വം ചിന്തിക്കുകയായിരുന്നു. ഞാൻ നിന്ന സ്ഥലത്ത്  നിന്ന് അനങ്ങിയല്ല. അങ്ങനെ ധാരാളം വികാരങ്ങൾ എന്റെ മനസ്സിൽ വന്നു. ദേഷ്യം, ദുഃഖം, ഏകാന്തത മുതലായവ. എന്നാൽ ആ വികാരങ്ങളെയോ പ്രലോഭനങ്ങളെയോ ഞാൻ പ്രതികരിച്ചില്ല. പള്ളി വാതിലിന്റെ ലോഹഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ അവിടെ തന്നെ നിന്നു. എന്നിൽ സംഭവിക്കുന്നതെല്ലാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒന്ന് എന്റെ ഉള്ളിൽ ഉണ്ടെന്ന് പതുക്കെ ഞാൻ മനസ്സിലാക്കി. അത് എന്താണെന്ന് മനസിലാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, അത് ഒരുതരം അവബോധം ആണെന് തോന്നി. ഞാൻ (ഈ ബോധം) എന്റെ ശരീരം, ചിന്തകൾ, വികാരങ്ങൾ എന്നിവയിൽ നിന്ന് വേറിട്ടതാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഈ അനുഭവത്തിൽ എനിക്ക് വളരെ ആവേശം തോന്നി. ഞാൻ കണ്ണടയ്ക്കാതെ 45 മിനിറ്റ് അവിടെ നിന്ന് അനങ്ങാതെ അവിടെ നിന്നു."

         മുകളിലുള്ള അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, നമുക്കുള്ളിൽ ഒരുതരം അവബോധം ഉണ്ട്, അത് നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും സാക്ഷിയാണ്. ഈ അവബോധം / സാക്ഷി യെ ആകാം ആത്മാവെന്നു പരാമർശിക്കുന്നത്.  ഈ സാക്ഷ്യം മനുഷ്യരിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും ഉണ്ട്. എല്ലാ ജീവജാലങ്ങളിലും ഉള്ള  ഈ സാക്ഷിയുടെ തീപ്പൊരി ദൈവം എന്ന് പരാമർശിക്കുന്ന ഒരു പരമമായ സാക്ഷിയുടെ പ്രതിഫലനമാണ്. ഈ സാക്ഷി ജീവജാലങ്ങൾ അല്ലാത്തവയിലും  ഉണ്ടാകാനുള്ള  സാധ്യത ഉണ്ട്.

        ആത്മാവിന്റെ വികാസം ചിന്തയിലൂടെയും ദ്യാനത്തിലൂടെയും  സംഗീതത്തിലൂടെയും സംസർഗ്ഗത്തിലൂടെയും ആണ് സംഭവ്യമാകുത്. ആത്മാവിന്റെ വികാസം സംഭവിക്കുമ്പോൾ നമുക്ക് കൂടുതൽ ദൈവ സാദൃശ്യം ഉണ്ടാവുകയാണ്  ചെയുന്നത്. 

1.നാം ആരാണ്?

        ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ    വി. വേദപുസ്തകത്തെ അടിസ്ഥാനമാക്കി നമുക്കൊരു അന്വേഷണം നടത്തി നോക്കാം. യേശുക്രിസ്തുവിനെതിരായി പ്രവർത്തിച്ചുകൊണ്ടിരുന്ന ശൗൽ എന്ന പൗലോസ്  ദമസ്‌കൊസിന്റെ പടിവാതിൽക്കൽ വെച്ച് ദൈവത്തെ മുഖാമുഖം ദർശിച്ചപ്പോൾ അദ്ദേഹത്തിനു രൂപാന്തരം ഉണ്ടാവുകയും പിന്നീട് ധാരാളം സ്ഥലങ്ങൾ സന്ദർശനം നടത്തി  യേശുക്രിസ്തുവിന്റെ സുവിശേഷം ഘോഷിക്കുകയും ചെയ്‌തു. ഒരിക്കൽ പൗലോസ്  എഫേസൂസ്‌ എന്ന സ്ഥലത്ത് ചെന്നപ്പോഴുണ്ടായ ഒരു സംഭവം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഇവിടെ ആഗ്രഹിക്കുകയാണ്. അവിടുത്തെ മഹാപുരോഹിതനായ സ്കേവായുടെ ഏഴ് മക്കൾ മന്ത്രവാദത്തിലൂടെ സമ്പത്തു ഉണ്ടാക്കിയിരുന്നതായ് രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസിന്റെ സുവിശേഷം എഫെസൊസിൽ ധാരാളം ആളുകളെ രൂപാന്തരത്തിലേക്ക് അയച്ചപ്പോൾ സ്കേവാ പുരോഹിതന്റെ മക്കളുടെ സാമ്പത്തിക സ്രോതസ്സിനു വലിയ നഷ്ടം ഉണ്ടായതായി കാണുന്നു. ധാരാളം ആളുകളെ പൗലോസ്  ആകർഷിക്കുന്നതായ് മനസിലാക്കിയ അവർ പൗലോസ് എപ്രകാരമാണ് രോഗശാന്തിയും അത്ഭുതങ്ങളും പ്രവർത്തിക്കുന്നത് എന്നു  മനസിലാക്കാൻ വേണ്ടി പൗലോസിനെ നിരീക്ഷിക്കാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ നാമത്തിലാണ് പൗലോസ് വീര്യപ്രവർത്തികളൊക്കെ ചെയ്യുന്നതെന്നു അവർ മാസിലാക്കി. അങ്ങനെ അവർ ഒരു ഭൂതം ബാധിച്ച മനുഷ്യന്റെ സമീപം എത്തി യേശുക്രിസ്തുവിന്റെ നാമത്തിൽ ഭൂതം ഒഴിപ്പിക്കാൻ ശ്രമം നടത്തിയപ്പോൾ ഭൂതം ഇപ്രകാരം ചോദിച്ചു. (അപ്പൊ. പ്രവർ 19:16) "യേശുവിനെ ഞാൻ അറിയുന്നു, പൗലോസിനെ പരിജയം ഉണ്ട്. എന്നാൽ നിങ്ങൾ ആര്?" "നിങ്ങൾ ആര്? " എന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അവർക്ക് സാധിക്കാഞ്ഞതിനാൽ ഭൂതം അവരെ ആക്രമിച്ചു മുറിവേൽപ്പിക്കുന്നതായി ഇതിൽ രേഖപെടുത്തിയിരിക്കുന്നു. 
           മോശയുടെ മുൻപിൽ ദൈവം പ്രത്യേക്ഷപ്പെട്ടപ്പോൾ ദൈവത്തോട് മോശ ചോദിക്കുന്നു "നീ ആരാണ്?" (പുറ:3:14) ഞാൻ  ആകുന്നവൻ ഞാൻ ആകുന്നു എന്നു ദൈവം മോശയോട് പറയുന്നുണ്ട്. ദൈവത്തെ ഒരു നാമത്തിലും ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാലാകും ഇപ്രകാരം വേദപുസ്‌തകത്തിൽ പറഞ്ഞിരിക്കുന്നത് എന്നു നമുക്കനുമാനിക്കാം. 
           കല്ലറകളിൽ പാർത്തിരുന്ന ഭൂതം ബാധിച്ച മനുഷ്യനോട് യേശുക്രിസ്തുവും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. "നീ ആരാണ്? " ലെഗ്യോൻ എന്നു മറുപടിയായി ആ മനുഷ്യൻ ഉത്തരം കൊടുക്കുന്നുണ്ട്. (വി. മാർക്കോസ്  5:9) 
           യേശു ക്രിസ്തുവിനെ പിടിക്കുവാനായ് റോമൻ പടയാളികൾ വന്നപ്പോൾ യേശു എവിടെ എന്നു പടയാളികൾ ചോദിക്കുമ്പോൾ "ഞാൻ അവൻ തന്നെ " എന്നു ധൈര്യപൂർവം യേശു മറുപടി കൊടുക്കുന്നതായി വി. യോഹന്നാൻ 18:6 ൽ നമുക്ക് കാണാൻ സാധിക്കും. "ഞാനാകുന്നവൻ ഞാനാകുന്നു എന്നു അരുളിചെയ്‌ത ദൈവത്തിന്റെ അതെ ഘാംഭീര്യവും ധൈര്യവും യേശു ക്രിസ്തുവിലും നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നതാണ്. 
           ഇന്നു ദൈവം നമ്മോടും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. " നീ ആരാണ്? " ഇതിന്റെ ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമം  മാത്രമാണ് താഴെ പറഞ്ഞിരിക്കുന്നത്. 
           നമ്മുടെ ശരീരത്തിൽ കാണുവാനായി കണ്ണുകൾ   ഉണ്ട്, കേൾവിക്കായ് ചെവികളുണ്ട്,  രുചി അറിയുന്നതിനായ് നാക്ക് ഉണ്ട്, ഗന്ധം അറിയുവാൻ മൂക്കുണ്ട്,   സ്പർശം അറിയുവാൻ ത്വക്കുണ്ട്. ശരീരത്തിനകത്തു മറ്റു ആന്തരിക അവയവങ്ങളുമുണ്ട്.  അതിലുപരിയായി നമുക്ക് ചിന്തകുളുണ്ട്,  ജ്ഞാനമുണ്ട്,  അജ്ഞാനമുണ്ട്,  വികാരങ്ങളുണ്ട്, കഴിവുകളുണ്ട്,  ഗുണങ്ങളും ഉണ്ട്, ദോഷങ്ങളും ഉണ്ട്, ഒരു മനസുമുണ്ട്. 
          മുകളിൽ പറഞ്ഞ കാര്യങ്ങൾക്കുപരിയായി നമ്മിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്നു ഒരു വ്യക്തി തന്റെ അന്തരംഗങ്ങളിൽ അന്വേഷണം നടത്തിയതിനു ശേഷം നാം ഇന്ദ്രിയങ്ങളല്ല, ശരീരമല്ല, ഭാവനകളുമല്ല, വിചാരങ്ങളുമല്ല, ജ്ഞാനവും  വിജ്ഞാനവും നാമല്ല, എന്നീ കാര്യങ്ങൾ മനസിലാക്കുകയാണെങ്കിൽ  അവരുടെ സത്ത ആത്മാവാണെന്നു തിരിച്ചറിയാൻ സാധിക്കും. സമുദ്രത്തിലെ ഒരു ജല കണം എടുത്താൽ അതിനു സമുദ്രത്തിന്റേതായ എല്ലാ  സവിശേഷതകളും ഉണ്ടായിരിക്കുന്നത് പോലെ നമ്മുടെ ആത്മാവിനും പരമാത്മാവിന്റെ എല്ലാ സവിശേഷതകളും ഉണ്ട്.  അതായത് നാം പരമാത്മാവിന്റെ അംശമാണ്. നാമെല്ലാവരും ദൈവപുത്രന്മാരും ദൈവപുത്രിമാരും ആണെന് യേശുക്രിസ്തുവിനെ പോലെ നിസ്സംശയം പറയുവാൻ നമുക്ക് സാധിക്കണം. 
           നാം ദൈവത്തിന്റെ അംശമാണെന്നു മനസ്സിലാക്കുമ്പോൾ അതെ പ്രകാരം നമ്മുടെ സഹജീവികളും,  സമസ്ത ജീവജാലങ്ങളും പരമാത്മാവിന്റെ അംശം തന്നെയാണെന്നു മനസ്സിലാക്കുമ്പോൾ നമുക്ക് യേശു ക്രിസ്തു പറഞ്ഞത് പോലെ ശത്രുക്കളെ പോലും സ്നേഹിക്കാനും അവരെ അനുഗ്രഹിക്കാനുമൊക്കെ സാധിച്ചു തുടങ്ങും. ഈ ബോധ്യം എല്ലാ ഹൃദയങ്ങളിലും സ്ഥാപിക്കപെടുമ്പോൾ ഈ ഭൂമിയിൽ തീർച്ചയായും സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെടുന്നതായിരിക്കും. അങ്ങനെയുള്ള ലോകത്തിൽ ഹിംസക്കു സ്ഥാനം ഉണ്ടായിരിക്കുന്നതല്ല.