Saturday, August 24, 2019

13. ചില ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


  1. നഷ്ടപ്പെട്ട് പോവുകയാണെങ്കിലും മനുഷ്യന് ദുഖമുണ്ടാകാത്തതെന്ത്?

2. നഷ്ടപ്പെടുമ്പോൾ മനുഷ്യരെ ധനികരായി മാറ്റുന്നതെന്ത്?

3. പണ്ഡിതൻ ആരാണ്?

4. പ്രപഞ്ചത്തിൽ മതത്തേക്കാളും മഹത്വമുള്ളത് എന്തിനാണ്?

5. ഭൂമിയിലെ സർവ്വ ജീവജാലങ്ങളും ദർശിക്കുന്ന പ്രപഞ്ചത്തിലെ സൃഷ്ടി എന്താണ്?

6. അഗ്നിയേക്കാളും ജ്വലനാത്മകമായ ശക്തി ഏത്?

7. പ്രപഞ്ചത്തെക്കാൾ ഭാരമേറിയത് എന്താണ്?

8. ജലത്തേക്കാളും ആർദ്രമായത്  എന്താണ്?
 
9. അജ്ഞാനത്തിന്റെ പ്രഥമ ലക്ഷണം എന്താണ്?

10. ജീവിതത്തിന്റെ ഉദ്ദേശം എന്താണ്?

11. ഈശ്വരൻ എന്നൊരാൾ ഉണ്ടോ? ആരാണത്? ഈശ്വരൻ സ്ത്രീയാണോ പുരുഷനാണോ?

12. മനുഷ്യൻ നിയന്ത്രണവിധേയമാക്കേണ്ടുന്ന പ്രധാനപെട്ട വികാരങ്ങൾ ഏതൊക്കെയാണ്?

13. മോഹവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്ത്?

ഉത്തരങ്ങൾ :
1. ക്രോധം

2. അത്യാഗ്രഹം

3. ജ്ഞാനിയായിരുന്നാൽ പോലും കരുണയുടെയും സഹാനുഭൂതിയുടെയും മഹത്വം മനസിലാക്കുന്ന വ്യക്തി

4. കരുണ

5. രാത്രി കാലത്ത് ചന്ദ്രനും പകൽ സമയത്ത് സൂര്യനും

6. ക്രോധം

7. അപരാധ ബോധം 

8. ഉദാരമനസ്കത

9. ജ്ഞാനം ഉണ്ടെന്നുള്ള തോന്നൽ

10. ജീവിതത്തിനു പ്രത്യേകിച്ചൊരു ഉദ്ദേശം ഇല്ല എന്നുള്ളതാണ് മനുഷ്യസൃഷ്ടിയുടെ പ്രത്യേകത. അവനവന്റെ താത്പര്യങ്ങൾക്കനുസൃതമായി ജീവിക്കാൻ നമുക്ക് സാധിക്കും. എന്നിരുന്നാലും ഈ പ്രപഞ്ചത്തിലെ സഹ സൃഷ്ടികളുമായ് ഒത്തിണങ്ങി പരസ്പരം സഹകരിച്ചു മുന്നോട്ടു പോവുക എന്നുള്ളത് ജീവിതത്തിന്റെ ഒരു ഉദ്ദേശ്യമായി കരുതാം. ഇതിനെ പറ്റി കാലം ചെയ്‌ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കാഴ്ചപ്പാട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://youtu.be/yf5dgM-Dj_Q


11. കാരണം ഉണ്ടാകാതെ ഒരു കാര്യം ഉണ്ടാവുകയില്ല. ഈ ദൃശ്യ പ്രപഞ്ചം കാണുമ്പോൾ തന്നെ അദൃശ്യനായ ഈശ്വരനെ മനസിലാക്കാം. താങ്കൾ ഉണ്ട്. അത്കൊണ്ട് ഈശ്വരനും ഉണ്ട്. ഈശ്വരൻ സ്ത്രീയുമല്ല, പുരുഷനുമല്ല, നപുംസകവും അല്ല. ഈ സർവ്വ പ്രപഞ്ചവും നിലകൊള്ളുന്നത് ഈശ്വരനിൽ തന്നെയാണ്. അതായത് നാം പരമാത്മാവിന്റെ അംശവും ഈ സമസ്ത സൃഷ്ടിയും പരമാത്മാവും ആണ്.

12. മനുഷ്യൻ നിയന്ത്രണ വിധേയമാകേണ്ടുന്ന അത്യാവശ്യമായ  വികാരങ്ങൾ ഏതൊക്കെ ആണ്?
             മനുഷ്യൻ നിയന്ത്രണ വിധേയക്കേണ്ടുന്ന  വികാരങ്ങൾ 6 എണ്ണം ആണ് ഉള്ളത്.  അവയാണ്
             1. ദുഷ്കാമം
             2. ക്രോധം
             3. ലോഭം
             4. മോഹം
             5. മദം
             6. മത്സരം
ഈ വികാരങ്ങളെ നിയന്ത്രണത്തിൽ നിർത്തിയില്ലെങ്കിൽ കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

ദുഷ്കാമം,  മോഹം  :
കാമം പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഒരു  വരമാണ്. ഭൂമിയിൽ ജീവജാലങ്ങൾക്ക് സന്തതി പരമ്പര നിലനിർത്താൻ അത് സഹായകമാണ്. എന്നാൽ മനുഷ്യനെ പോലെ ബൗദ്ധികപരമായി വികാസമുള്ള ഒരു സൃഷ്ടിക്ക് ദുഷ്കാമം നല്ലതല്ല. വെറും ആട്ടിടയനായരുന്ന ദാവീദ് വലിയ ഒരു സാമ്രാജ്യത്തിന്റെ രാജാവായി തീർന്നപ്പോൾ ബെത്‌ഷേബയോടുള്ള മോഹത്തിലകപ്പെട്ടു ഉരിയാവിനെ കൊല്ലുകയും ഒരു രാജാവെന്ന നിലയിൽ ജനങ്ങൾക്ക്‌ മാതൃക ആകേണ്ടിയിരുന്ന ദാവീദ് ജീവിതത്തിൽ പരാജയപെടുന്നത് നമുക്ക് വി. വേദപുസ്തകത്തിൽ കാണാൻ സാധിക്കും.

ക്രോധാധിക്യം :
ന്യായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും സാദൂക്യരുടെയും പല കാഴ്ചപ്പാടുകളെയും യേശുക്രിസ്തു വളരെ ശക്തമായി എതിർത്തിരുന്നു. അവർ അവരുടെ പിഴവുകളെ തിരിച്ചറിയാതെ ക്രോധതിക്യത്താൽ യേശുക്രിസ്തുവിനെ ക്രൂശിക്കാൻ കൂട്ടു നിന്നതായി നമുക്ക് കാണാൻ സാധിക്കും. ക്രോധാധിക്യത്താൽ കയീൻ ഹാബേലിനെ കൊന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ക്രോധത്തെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ലോഭം :
യേശു ക്രിസ്തു ജീവിച്ചിരുന്നപ്പോൾ യഹൂദ്യ ദേശം റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. റോമൻ പടയാളികൾ ദേശമൊക്കെ ചുറ്റി സഞ്ചരിച്ചു സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ധാരാളം സമ്പത്തു കൈക്കലാക്കിയിരുന്നു. ദേശത്തു അസമാധാനവും, രോഗങ്ങളും, പ്രശ്നങ്ങളും, കുലപാതകങ്ങളും ഒക്കെ അരങ്ങേറിയരുന്ന ഒരു സമയത്താണ് യേശു ക്രിസ്തു സുവിശേഷവുമായി കടന്നു വരുന്നത്. റോമാ സാമ്രാജ്യത്തിന്റെ സമ്പത്തിനോടുള്ള അത്യാർത്തി ഒരു സമൂഹത്തെ മുഴുവൻ അന്ധകാരത്തിലാക്കിയിരുന്നതായി കാണുവാൻ സാധിക്കും. അതിനാൽ അമിതമായ ലോഭം അഥവാ അത്യാർത്തി ആപത്താണ്.  റോമൻ സാമ്രാജ്യത്തിന്റെ ദുഷ്‌ക്രിയകളെ പറ്റി ആഴമായ ഒരു കാഴ്ചപ്പാട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കുന്നതാണ്.
https://johnkunnathu.blogspot.com/2019/06/jesus-good-news.html?m=1

മദം :
ഗോല്യാത് വളരെ ശക്‌തനായ ഒരു മല്ലനായിരുന്നു. അവൻ തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്നു. അവനെ ജയിക്കാൻ ആർക്കും സാധിക്കില്ലെന്നു അവൻ കരുതി. എന്നാൽ മറുവശത്തു ദാവീദ് ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു. വിനയവും ദൈവാശ്രയവും ആയിരുന്നു അവന്റെ മുഖമുദ്ര. ഗൊല്യാത്തിന്റെ അഹങ്കാരത്തിന്റെ മുൻപിൽ ദാവീദിന്റെ വിനയവും ദൈവാശ്രയവും വിജയം കണ്ടതായി കാണുവാൻ സാധിക്കും.

മത്സരം :
ഏശാവ് തന്റെ അപ്പനോടൊപ്പം വീടിനു പുറത്തുള്ള കായികപരമായിട്ടുള്ള ജോലികളിൽ ഏർപെടാനാണ് ഇഷ്ടപെട്ടിരുന്നത്. എന്നാൽ യാക്കോബാകട്ടെ അമ്മയോടൊപ്പം വീട്ടിനകത്തെ ജോലികൾ ചെയ്യാനാണ് ഇഷ്ടപെട്ടിരുന്നത്. തന്റെ അപ്പന് ഏശാവിനെ കൂടുതൽ സ്നേഹിക്കുകയും അനുഗ്രഹങ്ങൾ കൂടുതൽ നൽകുകയും ചെയ്യും എന്നുള്ള സംശയത്താൽ യാക്കോബിന്‌ തന്റെ ജേഷ്ഠനോട് മത്സരബുദ്ധി തോന്നുകയായിരുന്നു. ഈ മത്സരബുദ്ധിയാണ് യാക്കോബിനെ തന്റെ ജേഷ്ഠനെ ചതിക്കാൻ പ്രേരിപ്പിക്കുന്നത്. യാക്കോബ് പിന്നീട് അതിൽ പശ്ത്തപിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

13. സ്നേഹം കരുണയിൽ നിന്നും ജന്മമെടുക്കുന്നു. മോഹം അഹങ്കാരത്തിൽ നിന്നും ജന്മമെടുക്കുന്നു. സ്നേഹം നമ്മെക്കൊണ്ട് പറയിക്കുന്നത് ലോകത്തിലെ സകല സുഖങ്ങളും ഈശ്വരൻ നൽകും എന്നതാണ്. എന്നാൽ മോഹം നമ്മെ കൊണ്ട് പറയിപ്പിക്കുന്നത് ലോകത്തിലെ സമസ്ത സുഖങ്ങളും നാം നേടിയെടുക്കും എന്നതാണ്. സ്നേഹം മുക്തി നൽകുന്നു. എന്നാൽ മോഹം ബന്ധനമാണ് നൽകുന്നത്. സ്നേഹം ധർമമാണ്. എന്നാൽ മോഹം അധർമ്മമാണ്.

Friday, August 9, 2019

12. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാനപെട്ട വ്യത്യാസം എന്താണ്?

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സാമ്യതകൾ എന്തൊക്കെയാണെന്നു നമുക്കാദ്യം നോക്കാം. മൃഗങ്ങൾ ഉറങ്ങുന്നുണ്ട്. നമ്മളും ഉറങ്ങുന്നു. മൃഗങ്ങൾ പ്രത്യുത്പാദനം ചെയുന്നുണ്ട്. മനുഷ്യരും ചെയുന്നു. മൃഗങ്ങൾ അതിജീവത്തിനായ് ശ്രമിക്കുന്നുണ്ട്. നമ്മളും ശ്രമിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ദേഷ്യമുണ്ട്. മനുഷ്യർക്കും ദേഷ്യമുണ്ട്.  കാരണം കൂടാതെയും നമ്മൾ ദേഷ്യപ്പെടാറുണ്ട്. മൃഗങ്ങൾക്ക് ജീവൻ നഷ്ടപെടുന്നുണ്ട്.  മനുഷ്യർക്കും മരണമുണ്ട്‌. മൃഗങ്ങൾക്ക് കഷ്ടതകൾ ഉണ്ട്. മനുഷ്യർക്കും ഒരു പക്ഷെ മൃഗങ്ങളെക്കാളും കഷ്ടതകൾ ഉണ്ടാകുന്നുണ്ട്.
        മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നു നമുക്കിനി നോക്കാം. ഭൂമിയിൽ ബൗദ്ധികമായും നാഡീപരമായും ഏറ്റവും കൂടുതൽ പരിണാമം സംഭവിച്ചിട്ടുള്ളത് മനുഷ്യർക്കാണ്. ഇത് ഒരു പ്രധാനപെട്ട വ്യത്യാസമാണ്. ഇത് കൂടാതെ വളരെ പ്രസക്‌തമായ മറ്റൊരു കാര്യം കൂടി ഉണ്ട്. ഇതിനെ പറ്റി മനസിലാക്കാൻ മനുഷ്യൻ ഏതൊക്കെ തരത്തിലുള്ള കർമങ്ങളാണ് ചെയ്യുന്നതെന്നു മനസിലാക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.
        1. ശരീരികമായ പ്രവർത്തനങ്ങൾ
        2. മാനസികമായ പ്രവർത്തനങ്ങൾ
        3. വൈകാരികമായ പ്രവർത്തനങ്ങൾ
        4. ഉർജ്ജപരമായ പ്രവർത്തനങ്ങൾ
ഈ പ്രവർത്തനങ്ങളെ പറ്റി അൽപ്പം പ്രതിപാദിക്കാൻ ഇവിടെ ആഗ്രഹിക്കുന്നു.

ശാരീരികമായ പ്രവർത്തനങ്ങൾ :
    ഒരു വ്യക്തി കസേരയിൽ ഇരിക്കുന്നതായ് സങ്കല്പിക്കുക. ഇരിക്കുമ്പോൾ തന്നെ ആ വ്യക്തിക്ക് തന്റെ കാലുകൾ പതുക്കെ അനക്കാൻ സാധിക്കും. കൈകൾ ചെറുതായി അനക്കാൻ സാധിക്കും. കണ്ണുകൾ തുറക്കാനും അടക്കാനും സാധിക്കും. മറ്റനേകം പ്രവർത്തികൾ ചെയുവാൻ സാധിക്കുന്നതാണ്. ഇതെല്ലാം തന്നെ ശാരീരികമായ പ്രവർത്തനങ്ങളിൽ വരുന്നതാണ്.

മാനസികമായ പ്രവർത്തനങ്ങൾ :
    നമ്മൾ സങ്കല്പിച്ച വ്യക്തിക്ക് കസേരയിൽ ഇരിക്കുമ്പോൾ തന്നെ ധാരാളം കാര്യങ്ങളെ പറ്റി ചിന്തിക്കുവാൻ സാധിക്കും. ഇവയെല്ലാം മാനസികമായ പ്രവർത്തനങ്ങളാണ്.
വൈകാരികമായ പ്രവർത്തനങ്ങൾ :
     വൈകാരികമായ പ്രവർത്തനങ്ങളും മാനസികമായ പ്രവർത്തനങ്ങളിൽ വരുന്നതാണ്. എന്നിരുന്നാലും ഇതിനെ വ്യത്യസ്‌തമായ ഒരു പ്രവർത്തനമായി ഉൾപെടുത്തിയിരിക്കുകയാണ്. ഇതിന്റെ കാരണം എന്നു പറയുന്നത് വൈകാരികമായ പ്രവർത്തനങ്ങൾക്ക് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രഭാവം ഉണ്ടാകുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന് സാധാരണയായി ഉള്ള നമ്മുടെ ചിന്തകൾക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രഭാവത്തെക്കാളും ക്രോധം ഉണ്ടാകുമ്പോഴുള്ള പ്രഭാവം കൂടുതലാണ്.

ഉഉർജ്ജപരമായ പ്രവർത്തനങ്ങൾ :
     നമ്മുടെ ശരീരവും ചുറ്റുപാടുകളും തമ്മിലുള്ള ഉഉർജ്ജത്തിന്റെ കൈമാറ്റങ്ങളാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.
മൃഗങ്ങൾക്ക് ശരീരത്തിൽ നടക്കുന്ന രാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മുകളിൽ പറഞ്ഞിരിക്കുന്ന നാല് പ്രവർത്തനങ്ങളും നടക്കുന്നത്. മനുഷ്യരിലും രാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവ ഉണ്ടാകുന്നതെങ്കിലും അവയെ തിരഞ്ഞെടുക്കനുള്ള പ്രാപ്തി പ്രകൃതി നല്കിയിരിക്കുന്നു. അതായത് നാം എന്ത് പ്രവർത്തിക്കണം എന്നുള്ളത് തിരഞ്ഞെടുക്കാനുള്ള കഴിവ് ദൈവം നമുക്ക് നല്കിയിട്ടുണ്ട്. അതിനാൽ തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന നാല് പ്രവർത്തനങ്ങൾ നമ്മിലെ രാസ പ്രവർത്തനങ്ങളാണോ അതോ നാമാണോ നിയന്ത്രിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
      യേശുക്രിസ്തു തന്റെ ജീവിതത്തിൽ ഈ നാല് പ്രവർത്തനങ്ങളെ എങ്ങനെ കൈകാര്യം ചെയ്തെന്നു നമുക്കൊന്നു നോക്കാം.

ശാരീരികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു ആദ്യം നോക്കാം. ഈ പ്രപഞ്ചത്തെ വഹിച്ചിരിക്കുന്ന ശക്‌തിയുടെ ഉറവിടം യേശു ക്രിസ്തു ആണെങ്കിലും റോമൻ പടയാളികളാൽ പിടിക്കപ്പെട്ടപ്പോൾ സ്വയം രക്ഷപെടാനായി അദ്ദേഹം യാതൊരു അത്ഭുത പ്രവർത്തികളും ചെയ്‌തതായി കാണുന്നില്ല. അനേകർ അദ്ദേഹത്തെ അടിക്കുകയും തുപ്പുകയും ചെയ്തു. അദ്ദേഹം അവരെ ശപിക്കുകയോ തിരിച്ചുപദ്രവിക്കുകയോ ചെയ്‌തില്ല. അവസാന ശ്വാസം വരെയും അവരോടു ക്ഷമിക്കുവാൻ തയ്യാറായി. ശാരീരികമായ പ്രവർത്തനങ്ങൾ യേശുക്രിസ്തു തന്റെ പൂർണ നിയന്ത്രണത്തിൽ വെച്ചിരുന്നതായ് ഇതിൽ നിന്നും മനസിലാക്കും.

മാനസികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. നാല്പതു ദിവസത്തെ കഠിനമായ നോമ്പിനും പ്രാർത്ഥനയ്ക്കും ശേഷം മാനസികമായും ശാരീരികമായും  തളർന്നിരുന്നപ്പോൾ  യേശുക്രിസ്തുവിനെ പരീക്ഷിക്കുന്നതിനായ് പരീക്ഷകൻ വന്നപ്പോൾ അതിനു സാക്ഷി ആവുക മാത്രമാണ് യേശുക്രിസ്തു ചെയ്തത്. പരീക്ഷകന്റെ പ്രേരണകൾക്ക് അടിമപ്പെടുകയുണ്ടായില്ല. മാനസികമായ പ്രവർത്തനങ്ങളെയും യേശുക്രിസ്തു തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം. (വി. ലൂക്കോസ് 4:1-14)

വൈകാരികമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. യേശുക്രിസ്തുവിനെ ക്രൂശിക്കുവാനായ് ഗോൽഗോഥായിലേക്ക് കൊണ്ടുപോയപ്പോൾ യെരുശലേം സ്ത്രീകൾ യേശുവിന്റെ ദുഖത്തെ ഓർത്തു കരഞ്ഞപ്പോൾ യേശുക്രിസ്തു അവരെ ആശ്വസിപ്പിക്കുന്നതായ് നമുക്ക് കാണാൻ സാധിക്കും. ശാരീരികമായി കഷ്ടതകൾ അനുഭവിക്കുമ്പോഴും വൈകാരികമായി യേശുക്രിസ്തു ശക്‌തനായിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. (വി. ലൂക്കോസ് 23:27-29)

ഉഉർജ്ജപരമായ പ്രവർത്തനങ്ങളെ യേശു ക്രിസ്തു എങ്ങനെ കൈകാര്യം ചെയ്തെന്നു നോക്കാം. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ധാരാളം അത്ഭുതങ്ങൾ ചെയ്തതായി കാണാം. എന്നാൽ സ്വന്തം ആവശ്യത്തിനായി അദ്ദേഹം ഒരു അത്ഭുതവും ചെയ്തതായി കാണുന്നില്ല. തന്നെയുമല്ല ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവശ്യമയി  അദ്ദേഹം തന്റെ ഉള്ളിൽ സംക്ഷിപ്‌തമായ ശക്‌തിയിൽ നിന്നോ അല്ലെങ്കിൽ പുറത്ത് നിന്നുള്ള ദൈവികമായ ശക്‌തിയോ ഒരു പക്ഷെ ആശ്രയിച്ചിരുന്നിരിക്കണം. എന്നിരുന്നാലും ഈ ശക്‌തിയെ ദൈവീകമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നത് വഴി ഉർജ്ജപരമായ പ്രവർത്തനവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.

നാം നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ഉർജ്ജപരവുമായ പ്രവർത്തനങ്ങളെ എത്രത്തോളം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് എന്നുള്ളതാണ് ഇനിയുള്ള ചോദ്യം. ഇവയെ നിയന്ത്രണത്തിലാക്കുക എന്നുള്ളത് തന്നെ ആണ് ആധ്യാത്മികഥയുടെ ലക്ഷ്യം എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്.
അങ്ങനെയെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാനപെട്ട വ്യത്യാസം എന്നു പറയുന്നത് മനുഷ്യന് ശാരീരികവും മാനസികവും വൈകാരികവും ഉർജ്ജപരവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി ഉണ്ട് എന്നുള്ളത് തന്നെ ആണ്. 

Monday, August 5, 2019

11. മാനസിക ജാഗ്രതയും ബോധവും (Mental awareness and consciousness) തമ്മിലുള്ള വ്യത്യാസം എന്താണ്?

          മാനസിക ജാഗ്രതയും ബോധവും തമ്മിലുള്ള പ്രധാന വ്യത്യാസം കണ്ടെത്തുന്നത് യഥാർത്ഥത്തിൽ ബുദ്ധിമുട്ടാണ്, കാരണം അവ വളരെയധികം ബന്ധപെട്ടു കിടക്കുന്ന വസ്തുതകളാണ്. എന്നിരുന്നാലും  നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങളിലൂടെ വ്യത്യാസം വിശകലനം ചെയ്യാൻ നമുക്കിവിടെ പരിശ്രമിക്കം. നമ്മൾ  ഉറങ്ങുമ്പോൾ, നമ്മുടെ ശരീരത്തിന് പുറത്തും അകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് തിരിച്ചറിവ് വളരെ കുറവാണ്. ഇതിന്റെ കാരണം ഉറങ്ങുന്ന സമയത്ത് നമുക്ക്  വളരെ കുറച്ച് മാനസിക അവബോധമാണുള്ളത്. എന്നാൽ നാം ഉണർന്നിരിക്കുമ്പോൾ, താരതമ്യേന നല്ല മാനസിക അവബോധം ഉള്ളതിനാൽ നമ്മുടെ ശരീരത്തിന് ഉള്ളിലും പുറത്തും സംഭവിക്കുന്ന പല കാര്യങ്ങളും നമുക്കറിയാൻ സാധിക്കും.  അതിനാൽ മാനസിക അവബോധം പ്രധാനമായും ചില ലക്ഷ്യങ്ങൾ നേടിയെടുക്കാൻ  അടിസ്ഥാനാമാക്കിയിട്ടുള്ളതാണ്. അഥവാ മാനസിക അവബോധം  അതിജീവന പ്രക്രീയക്ക് വേണ്ടിയിട്ടുള്ളതാണ്. എന്നാൽ നാം ബോധത്തെക്കുറിച്ച് പറയുമ്പോൾ, നാം ഉണർന്നിരിക്കുമ്പോഴും  ഉറങ്ങുമ്പോഴും  സദാ സമയവും നമ്മിൽ ഉള്ളതായി മനസ്സിലാക്കേണ്ടതാണ്. ഇത് മനസിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം. നമ്മുടെ  കൈയിൽ ഒരു മുറിവുണ്ടായതായ് കരുതുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്ത് സംഭവിക്കും? ദിവസം തോറും അത് ക്രമേണ സുഖപ്പെടും. എന്തുകൊണ്ടാണ് ഇത് ക്രമേണ സുഖപ്പെടുത്തുന്നത്? കാരണം, നമ്മുടെ ശരീരത്തിന്റെ മെച്ചപ്പെട്ട ഏകോപനത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ഒരുതരം ബുദ്ധി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു. അതായത്  ബോധം യഥാർത്ഥത്തിൽ ഈ ശരീരത്തിന്റെ സൃഷ്ടാവായ നമ്മുടെ ഉള്ളിലെ ബുദ്ധിയുടെ ഉറവിടത്തെ ആണ് സൂചിപ്പിക്കുന്നത്. ഈ ബോധം നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ട്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് നമ്മുടെ സത്തയാണ്. ഇത് നമ്മുടെ ശരീരം, ചിന്തകൾ, വികാരങ്ങൾ, അറിവ്, അജ്ഞത, നല്ല ഗുണങ്ങൾ, മോശം ഗുണങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. ധ്യാനത്തിലൂടെ ഈ ഒരു അനുഭവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  അതായത് നമ്മുടെ ജീവന്റെ സ്രോതസിന്റെ പിന്നിലെ ശക്‌തിയാണ് ബോധം (consciousness).ഒന്നും രണ്ടും ലേഖനങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.

10. ഭയം എന്താണ്? ഭയത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?

      നമ്മുടെ മനസ്സിൽ ഭയത്തിനുള്ള സാധ്യതകൾ എന്തൊക്കെയാണെന്നു  നാം ആദ്യം മനസിലാക്കേണ്ടതുണ്ട്. നമുക്ക് ചില വസ്തുതകൾ ആദ്യമൊന്നു നോക്കാം. മനുഷ്യന് അഞ്ചു ഇന്ദ്രീയങ്ങളാണുള്ളത്. കണ്ണുകൾക്ക് 380-740 nm തരംഗ ദൈർഖ്യമുള്ള വെളിച്ചം മാത്രമേ കാണാൻ സാധിക്കൂ.  ചെവികൾക്ക് 20-20KHz ദൈർഖ്യമുള്ള ശബ്ദം മാത്രമാണ് കേൾക്കാൻ സാദിക്കുന്നത്. മൂക്കിന് 1 Trillion ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ത്വക്കിന്‌ 50mm അപ്പുറമുള്ള വസ്തുക്കളെ സ്പർശിക്കാതെ തിരിച്ചറിയാൻ സാധിക്കില്ല. അതായത് അനന്തമായ ഈ പ്രപഞ്ചത്തിലെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ദ്രീയങ്ങളിൽ കൂടി നമ്മിലേക്ക്‌ പ്രവേശിക്കുന്നത്. അതിനാൽത്തന്നെ പല കാര്യങ്ങളെ പറ്റിയും നാം അജ്ഞരാണ്. അതിനാൽ നമ്മുടെ അറിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ അജ്ഞത അതിരുകളില്ലാത്തതാണെന്ന് മുകളിലുള്ള വസ്തുതകളിൽ നിന്ന് നമുക്ക് വ്യക്തമായി പറയാൻ കഴിയും. അതിനാൽ ഭയപ്പെടുക എന്നുള്ളത്  സ്വാഭാവികമാണ്. എന്നാൽ അമിതമായ ഭയം ഒട്ടും നല്ലതല്ല. നമുക്ക് ഒരു ഉദാഹരണം നോക്കാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയെ പരിഗണിക്കുക. കുറഞ്ഞ മാർക്കിൽ മാതാപിതാക്കൾ അവനെ ശകാരിക്കുമെന്ന് വിചാരിച്ച് വിദ്യാർത്ഥി പരീക്ഷയെ അൽപ്പം ഭയപ്പെടുന്നുവെങ്കിൽ അവൻ നന്നായി പഠിക്കാനുള്ള സാധ്യതയുണ്ട്.  എന്നാൽ കൂടുതൽ അറിവ് നേടുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം നന്നായി പഠിക്കുകയാണെങ്കിൽ, അത് ഏറ്റവും നല്ലതാണ്.  അതിനാൽ ചില സാഹചര്യങ്ങളിൽ, ഭയം നമ്മിൽ നല്ല ഫലങ്ങൾ ഉളവാക്കുന്നു എന്നുള്ളത് നാം മറക്കാൻ പാടില്ല. എന്നാൽ അമിതമായ ഭയം ഒട്ടും നല്ലതല്ല.
         
           ഇനി ഭയം എന്താണെന്ന് നോക്കാം. ഭയം അമിതമായ ഭാവനകളാണ്. ഭാവിയിൽ സംഭവിക്കാനിടയുള്ള ഒരു കാര്യത്തെക്കുറിച്ചാണ് നാം മിക്കപ്പോഴും ഭയപ്പെടുന്നത്. മിക്കപ്പോഴും അത് സംഭവിക്കാറേയില്ല.  നാം ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ, ഭയം നിലവിലില്ലാത്ത ഒന്നിനെക്കുറിച്ചാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. നിലവിലില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഭയപ്പെടുന്നത് വ്യർത്ഥമായ കാര്യമാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ മനസ്സ് ഭയാനകമായ രംഗങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് വസ്തുത. ഇതിനെ മറ്റാർക്കും കാണാൻ കഴിയില്ല. നമ്മുടെ മനസ്സിന് ആവർത്തന സ്വാഭാവം ഉള്ളതിനാൽ ഇതൊരു സ്വഭാവമായി തീരാൻ നമ്മൾ അനുവദിക്കാൻ പാടുള്ളതല്ല.  അമിതമായ ഭയം നേരിടുകയാണെങ്കിൽ നമുക്ക് എന്തുചെയ്യാനാകുമെന്ന് മനസിലാക്കാൻ  ശ്രമിക്കാം.

1. സ്വയം കീഴടങ്ങുക.  ആരുടെ മുൻപിലാണ് കീഴടങ്ങേണ്ടതെന്നു നമുക്ക് നോക്കാം. ദൈവം നമ്മുടെ പിതാവാണ്. അവനാണ് നമ്മുടെ സൃഷ്ടാവ്. സൃഷ്ടാവ് എന്നാൽ നമ്മുടെ ശരീരത്തിന്റെ മെച്ചപ്പെട്ട ഏകോപനത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ബുദ്ധിയുടെ ഉറവിടമാണ്. നമ്മുടെ ഉള്ളിൽ തന്നെയുള്ള ഈ സൃഷ്ടാവ് നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതാണ്. അവന്റെ പക്കൽ അനന്തമായ ശക്‌തിയും, സമാധാനവും ഉണ്ട്. അവൻ നമ്മെ സഹായിക്കാൻ തയാറായി നിൽക്കുകയാണ്.  നാം അത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് വാസ്തവം. നാം പരാജയപ്പെട്ടെന്നു ഈ പിതാവിനോട് പറയുമ്പോൾ നമ്മുടെ ബുദ്ധിയെ കവിയുന്ന സമാധാനം ഹൃദയങ്ങളിലേക്ക് ഒഴുകുന്നതാണ്.

2. നാം എന്നു പറയുന്നത് നമ്മുടെ ശരീരമോ, ശരീരത്തിന്റെ ചിന്തകളോ, വികാരവിചാരങ്ങളോ, അനുഭവങ്ങളോ അല്ല എന്നു മനസ്സിലാക്കുമ്പോൾ നമ്മുടെ സത്ത ആത്മാവാണെന്നു തിരിച്ചറിയുമ്പോൾ നമ്മിൽ ഭയത്തിനു സ്ഥാനം ഇല്ലാത്ത ഒരു അവസ്ഥ വന്നു ചേരുന്നതായിരിക്കും. അതിനായ് ധ്യാനവും പ്രാർതനയും നമ്മെ സഹായിക്കുന്നതായിരിക്കും. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ദയവായി ഒന്നും രണ്ടും ലേഖനങ്ങൾ വായിക്കുക.

3. നിങ്ങളുടേതിന് സമാനമായ ഒരു സാഹചര്യം അഭിമുഖീകരിക്കുന്ന നിങ്ങളുടെ ഒരു സുഹൃത്തിനെ പരിഗണിക്കുക. അവനെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യും? നിങ്ങളോട് അത് തന്നെ ചെയ്യുക.

4. നമ്മുടെ മനസ്സിൽ ഭയം ഉണ്ടാക്കുന്ന കാര്യങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു അവയെ മാനസികമായ സ്ഥിരത കൈവരിക്കുന്നത് വരെ അകറ്റി നിർത്താനും നാം പരിശ്രമിക്കേണ്ടതാണ്.

5. നിങ്ങൾക്ക് പറയാൻ തോന്നുന്നതെന്തും ദൈവവുമായി രഹസ്യത്തിൽ  സംസാരിക്കുക. നിങ്ങൾക്ക് അവനെ തുപ്പാം. നിങ്ങൾക്ക് അവനെ അടിക്കാം.  നിങ്ങൾക്ക് അവനെ കുറ്റപ്പെടുത്താം. എന്നിട്ടും അവൻ നിങ്ങളെ ശ്രദ്ധിക്കുകയും നിരുപാധികമായി സ്നേഹിക്കുകയും ചെയുന്നതാണ്.  അവൻ അപ്പോഴും നിരുപാധികമായി നിങ്ങളെ സ്നേഹിക്കുക തന്നെ ചെയ്യും.
ചില ഭയാനകരമായ സാഹചര്യങ്ങളിൽ യേശുക്രിസ്തുവിന്റെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്നു നമുക്കൊന്നു നോക്കാം. കടലിൽ ശിഷ്യന്മാരോടൊപ്പം സഞ്ചരിച്ചപ്പോൾ ഭയങ്കരമായ കാറ്റും കോളും അലയടിച്ചപ്പോൾ ശിഷ്യന്മാർ ഭയന്നു നിലവിളിച്ചപ്പോൾ യേശുക്രിസ്തുവിനു ശാന്തമായി നിൽക്കുവാൻ സാധിച്ചു. അതേപോലെ യേശുക്രിസ്തു തന്റെ മരണസമയത്തു പോലും അദ്ദേഹത്തിന്റെ മുഖത്തു ഭയത്തിന്റെ ഒരു പ്രകടനവും നമുക്ക് കാണാൻ കഴിയുന്നതല്ല. അദ്ദേഹം സ്വയം മരണത്തിനു ഏല്പിച്ചു കൊടുക്കുകയായിരുന്നു. മരണത്തെ പോലും ഭയപ്പെടേണ്ടതില്ലെന്ന് യേശു ക്രിസ്തു നമ്മെ ഓർമിപ്പിക്കുന്നു.

ഭയത്തെ പറ്റി വി. വേദപുസ്‌തകത്തിലെ ചില വാചകങ്ങൾ നമുക്കൊന്നു നോക്കാം.

യെശയ്യാവു 41:10
നീ ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെ ഉണ്ട്. പരിഭ്രമിക്കേണ്ട. ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ നിന്നോട് പറഞ്ഞു. നീ എന്റെ ദാസൻ. ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഞാൻ നിന്നെ നിരസിക്കുകയില്ല.

സങ്കീർത്തനം 56: 3
ഞാൻ നിന്നിൽ ആശ്രയിച്ചിരിക്ക കൊണ്ട് പകൽ സമയത്ത് ഞാൻ ഭയപ്പെടുകയില്ല.

ഫിലിപ്പിയർ 4: 6-7
നമ്മുടെ കർത്താവ് സമീപസ്ഥനായിരിക്കുന്നു. ഒന്നിനെക്കുറിച്ചും നിങ്ങൾ വിചാരപ്പെടേണ്ട. എന്നാലോ എപ്പോഴും പ്രാർതനയും അപേക്ഷയും സ്തോത്രവുമായിട്ടു നിങ്ങളുടെ യാചനകൾ ദൈവമുന്പാകെ അറിയിക്കുവിൻ. സർവ്വ ബുദ്ധിയെയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ബോധങ്ങളെയും യേശു മിശ്ശിഹായിൽ കാത്തുകൊള്ളട്ടെ.

യോഹന്നാൻ 14:27
സമാധാനം നിങ്ങൾക്കായി ഞാൻ വെച്ചിട്ട് പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്. ഭയപെടുകയുമരുത്.

2 തിമൊഥെയൊസ്‌ 1: 7
ദൈവം നമുക്ക് നല്കിയിരിക്കുന്നത് ഭയത്തിന്റെ ആത്മാവല്ല. ശക്തിയുടെയും സ്നേഹത്തിന്റെയും വിശ്വാസപദേശത്തിന്റെയും ആത്മാവിനെയാണ്. ആകയാൽ നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെക്കുറിച്ചും തന്റെ ബദ്ധനായ എന്നെകുറിച്ചും നീ ലജ്ജിക്കരുത്.
 
നമ്മുടെ ഉത്കണ്ട ഒരു പരിധിവരെ കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷ്യവസ്തുക്കൾ ഇതാ.
1. Brazil nuts
2. Eggs
3. Vitamin D rich foods
4. Fatty Fish
5. Pumpkin seeds
6. Dark chocolate
7. Turmeric
8. Green tea
9. Yogurt

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില ഘടകങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നിരുന്നലും  ഈ പ്രപഞ്ചത്തിലെ എല്ലാത്തിനും സാക്ഷിയായ ഒരു പരമാത്മവുണ്ടെന്നു  വിശ്വസിക്കുക. ഏത് സാഹചര്യത്തിലും നമ്മളെ  സഹായിക്കാൻ ദൈവം തയ്യാറായി നിൽക്കുകയാണ്. ആ ദൈവ സ്നേഹം  പതുക്കെ നമുക്ക് അനുഭവഭേദ്യമാകുമ്പോൾ നമ്മുടെ ദൈവീകത  മറ്റൊരു തലത്തിലേക്ക് വളരുകയും ഭയം അപ്രത്യക്ഷമാവുകയും ചെയ്യും. 

Thursday, July 25, 2019

9.മരണാനന്തര ജീവിതം എപ്രകാരമായിരിക്കും?


മരണാനന്തര ജീവിതത്തെ പറ്റി ക്രൈസ്തവ വിശ്വാസത്തെയും ഹൈന്ദവ  വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തി ചില കാര്യങ്ങളാണ് ഇവിടെ അവലോകനം ചെയ്‌തിരിക്കുന്നത്.

ക്രൈസ്‌തവ ദർശനം :
ക്രൈസ്‌തവരുടെ ദർശനം മനസിലാക്കാൻ മൂന്ന് കാര്യങ്ങൾ ഇവിടെ പഠന വിഷയമാക്കുകയാണ്.
a) 1 പത്രോസ് 3:19
    "ആത്മാവിൽ അവൻ ചെന്നു പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു."
b) ക്രൂശിക്കപ്പെടുന്ന വേളയിൽ വലത്തു ഭാഗത്തെ കള്ളന്റെ അവസാന ദിനമാണെന്ന്‌ അറിഞ്ഞിട്ടും യേശുക്രിസ്തു അവനോടു "നീ ഇന്ന് മുതൽ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും" എന്നു പറയുന്നുണ്ട്.
c) ധനവാന്റെയും ലാസറിന്റെയും മരണാനന്തരം ധനവാൻ ദുഃഖാവസ്ഥയിലും ലാസർ സന്തോഷാവസ്ഥയിലും ആണെന് നമുക്ക് മനസിലാക്കാൻ സാധിക്കും.
       മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുമിക്കാം.
       1. മരണാനന്തരവും ആദ്ധ്യാത്മിക പുരോഗതി പ്രാപിക്കാൻ പറ്റുമെന്നു നോഹയുടെ കാലത്തെ ആത്മാക്കളുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നു. അതിനാൽ തന്നെ വാങ്ങിപോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഉചിതമാണ്.
       2. മരണ സമയത്തിന് മുൻപായി ദൈവസ്നേഹം തിരിച്ചറിഞ്ഞ കള്ളൻ മരണാനന്തരം യേശുക്രിസ്തു പറഞ്ഞത് പോലെ സന്തോഷാവസ്ഥയിൽ എത്തി എന്നു വേണം അനുമാനിക്കാൻ.
       3. ഈ ഭൂമിയിൽ നാം ജീവിച്ചിരിക്കുമ്പോൾ ചെയ്ത കർമങ്ങൾക്ക് അനുസൃതമായിട്ടുള്ള സന്തോഷവും ദുഖവും നമ്മെ പിന്തുടരും എന്നു ധനവന്റെയും ലാസറിന്റെയും കഥ നമ്മെ ഓർമ പെടുത്തുന്നുണ്ട്.
      
ഹൈന്ദവ ദർശനം :
       കർമ്മങ്ങൾക്ക്  അനുസൃതമായ സന്തോഷവും ദുഖവും നമ്മെ പിൻതുടരുമെന്നും മരണസമയത്തു എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചു സ്വയം പരമാത്മാവിൽ സമർപ്പിക്കുവാൻ സാധിക്കുമെങ്കിൽ ഈശ്വരനിൽ ലയിച്ചു ചേരുമെന്നും അല്ലാത്ത പക്ഷം വീണ്ടും മറ്റൊരു രൂപത്തിൽ ജനിക്കേണ്ടിവരുമെന്നും നമുക്ക് ഹൈന്ദവ ദർശനത്തിൽ കാണാൻ സാധിക്കും.

മുകളിൽ പറഞ്ഞിരിക്കുന്നതിൽ ക്രൈസ്തവ ദർശനമാണോ ഹൈന്ദവ ദർശനമാണോ ശരി എന്നു കൃത്യമായി പറയാൻ ഈ ലേഖകന്  ജ്ഞാനം പ്രാപ്‌തമായിട്ടില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ കണക്കിലെടുത്തു നമുക്കൊരു നിഗമനത്തിലെത്താൻ  പരിശ്രമിക്കാം. അതിനായ് രണ്ട് ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ നാം ആദ്യം ശ്രമിക്കണം.
1. സ്വർഗം എവിടെയാണ്?
2. നരകം എവിടെയാണ്?
         നമ്മുടെ സഹജീവികളോട് അറിഞ്ഞും  അറിയാതെയും നാം ചെയ്തു പോയിട്ടുള്ള തെറ്റുകൾ ആദ്യം സ്വയം അംഗീകരിച്ചു  അവരോടു ക്ഷമ ചോദിക്കുന്നിടമാണ് സ്വർഗ്ഗമായി മാറുന്നത്. ഇത് മനസിലാക്കുന്നതിനായ് ചില ഉദാഹരണങ്ങൾ നോക്കാം. യെശയ്യാ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് നാട് ഭരിച്ചിരുന്നത് ജനങ്ങൾക്ക് എത്രയും  പ്രിയങ്കരനായിട്ടുള്ള ഉസിയാ രാജാവാണ്. കുഷ്ഠരോഗം എന്നുള്ളത് ദൈവ കോപമായ്‌ ജനങ്ങൾ കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്. അങ്ങനെയിരിക്കെ ഉസിയാ രാജാവിന് കുഷ്ഠരോഗം പിടിപെട്ടു മരിച്ചു പോയി. ദൈവം രാജാവിനോട് അനീതി കാണിച്ചതായി ജനങ്ങളെല്ലാം കരുതുകയും ദൈവത്തെ പഴി പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. ഒരു പക്ഷെ യെശയ്യാ പ്രവാചകനും അറിഞ്ഞോ അറിയാതെയോ ദൈവത്തെ തന്റെ മനസ്സിൽ പഴി പറഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹം ദേവാലയത്തിൽ ധ്യാനിച്ചിരിക്കുമ്പോൾ ഒരു പ്രത്യേക ദർശനം കാണുകയുണ്ടായി. ഉസിയാ രാജാവിന്റെ മരണത്തെ ഓർത്തു ജനങ്ങൾ ദൈവത്തെ കുറ്റമുള്ളവനായ് വിധിച്ചപ്പോൾ  യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ മാലാഖമാർ ദൈവം പരിശുദ്ധനെന്ന് പറയുന്നത് കാണുമ്പോൾ യെശയ്യാ പ്രവാചകൻ തന്റെ തെറ്റു ബോധ്യപ്പെട്ട് താൻ കുറവുള്ളവനാണെന്നു ദൈവ മുൻപാകെ സമ്മതിച്ചപ്പോൾ  മാലാഖമാരുടെ കൂടെ പരാമനാനന്ദത്തിൽ  ദൈവത്തെ സ്തുതിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു.
         മറ്റൊരു ഉദാഹരണം നോക്കാം. ഏതേൻ തോട്ടത്തിൽ ആദാമും ഹവ്വയും സ്വയം പരസ്പരം പഴി ചാരാതെ തങ്കൾക് പറ്റിയ തെറ്റുകൾ ദൈവ മുൻപാകെ സമ്മതിച്ചിരുന്നെങ്കിൽ അവർക്ക് തുടർന്നും സ്വർഗത്തിൽ തന്നെ തുടരാമർന്നു.
         മറ്റൊരു ഉദാഹരണം കൂടി നോക്കാം. മുടിയനായ പുത്രന്റെ കഥയിൽ അവൻ തന്റെ തെറ്റ് അംഗീകരിച്ചു പിതാവിന്റെ സ്നേഹത്തിൽ തിരികെ വന്നപ്പോൾ ആ ഭവനം കൂടുതൽ സ്വർഗ്ഗമായി തീരുകയാണ് ചെയ്തത്.
         എവിടെയാണോ തമ്മിൽ തമ്മിൽ അംഗീകാരം ഇല്ലാത്തത്, എവിടെയാണോ പരസ്പരം ക്ഷമിക്കാത്തതു, എവിടെയാണോ പരസ്പരം കുറ്റപ്പെടുത്തുന്നത്,  അവിടെയാണ് നരകം സൃഷ്ടിക്കപ്പെടുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർഗ്ഗവും നരകവും ശരി എങ്കിൽ എപ്രകാരമാണ് ഇവ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത്??
       മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ രത്ന ചുരുക്കം ഇപ്രകാരമാണ്. നമ്മുടെ ഹൃദയങ്ങളിലാണ് വാസ്തവത്തിൽ സ്വർഗ്ഗവും നരകവും ഒക്കെ സൃഷ്ടിക്കപ്പെടുന്നത്. അത്കൊണ്ടാണ് യേശുക്രിസ്തു വി. ലൂക്കോസ് 5:17 ൽ  ഇപ്രകാരം പറഞ്ഞിരിക്കുന്നത് :"സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ് ". സ്വർഗ്ഗവും നരകവും ഒരു പ്രത്യേക സ്ഥലങ്ങളായി പരിഗണിക്കേണ്ടതില്ല. എപ്പോഴാണോ നമ്മുടെ ഹൃദയങ്ങളിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെടുന്നത് ആ പരമാനന്ദം മരണശേഷവും നമ്മോടൊപ്പം കാണും എന്നുളത് സുനിശ്ചിതമാണ്. അതിനാൽ അങ്ങനെയുള്ള വ്യക്തികൾക്കു മരണശേഷം എന്ത് സംഭവിക്കും എന്നോർത്തു പേടിക്കണ്ട ആവശ്യകത ഇല്ല. (If we are in union with God right now, we dont have to worry what happens after death)
മറിച്ചു നമ്മുടെ ഹൃദയങ്ങളിൽ നരകമാണ് സൃഷ്ടിക്കപെടുന്നതെങ്കിൽ മരണ ശേഷവും നരക തുല്യമായി തീരുന്നതാണ്.

SUGGESTED RELATED LINKS:



Tuesday, July 23, 2019

8.ഉപാധികളില്ലാതെ സ്നേഹിക്കുന്ന ദൈവം ഈ സൃഷ്ടി നടത്തിയ സമയം എന്ത് കൊണ്ടാണ് ഈ പ്രപഞ്ചത്തിൽ കഷ്ടതകൾ വിഭാവനം ചെയ്തത്?


കഷ്ടതകൾ രണ്ട് തരത്തിലാണ് ഈ പ്രപഞ്ചത്തിൽ ഉള്ളത്. 
         1. മാനസികമായ കഷ്ടതകൾ
         2. ശാരീരികമായ കഷ്ടതകൾ
        
    മാനസികമായ കഷ്ടതകൾ നമ്മുടെ മനസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഉദാഹരണമായി ചിലരുടെ പെരുമാറ്റങ്ങൾ നമ്മുടെ ഉള്ളിൽ ക്രോധവും ദുഖവും പല സന്ദർഭങ്ങളിലും ജനിപ്പിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളെ പറ്റി ശ്രദ്ദയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ പറ്റുന്നത് ഇതാണ് : നമ്മുടെ ശരീരത്തിന് പുറത്ത് നടക്കുന്ന പല സാഹചര്യങ്ങളും നമ്മുടെ മനസിന്റെ അവസ്ഥയെ ബാധിക്കുന്നു എന്നുള്ളതാണ്.  ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വന്നപ്പോൾ യേശു ക്രിസ്തുവിന്റെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്നു നമുക്കൊന്നു നോക്കാം. വി. മാർക്കോസ് 4:35-41 ൽ ഇപ്രകാരം കാണാൻ സാധിക്കും. ഭയങ്കരമായ കാറ്റും കോളും വലിയ തിരമാലകളും വന്നപ്പോഴും യേശു ക്രിസ്തുവിനു  ശാന്തമായി ഉറങ്ങാൻ കഴിഞ്ഞു. അതെ പ്രകാരം യേശു ക്രിസ്തു തന്റെ മരണസമയത്തു മറ്റുള്ളവർ തന്നെ അടിച്ചിട്ടും, തുപ്പിയിട്ടും, ആക്ഷേപിച്ചിട്ടും അവരോടൊക്കെ ക്ഷമിക്കാൻ സാധിക്കുന്നതായിട്ടും നമുക്ക് കാണാൻ സാധിക്കും. ഈ രണ്ട് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് എന്താണെന്നു നോക്കിയാൽ പുറത്തുള്ള ഏത് വിഭിന്നമായ സാഹചര്യവും യേശുക്രിസ്തുവിന്റെ മനസിന്റെ സന്തോഷാവസ്ഥയെ ബാധിക്കുന്നില്ല എന്നു വേണം മനസിലാക്കാൻ. നാമും ഇതേ പ്രകാരം യേശുക്രിസ്തുവിനെ അനുകരിക്കുവാൻ  ശ്രമിക്കുകയാണെങ്കിൽ മാനസികമായ കഷ്ടതകളെ ഒരു പരിധി വരെ എങ്കിലും മാറ്റുവാൻ സാധിക്കും. അതായത് നമ്മുടെ മനസിനെ നമുക്ക് പൂർണമായും നിയന്ത്രണ വിദേയമാക്കാൻ സാധിക്കുമെങ്കിൽ മാനസിക കഷ്ടതകൾ യേശു ക്രിസ്തുവിനെ പോലെ നിയന്ത്രിക്കാൻ സാധിക്കും.
      ശാരീരികമായ കഷ്ടതകൾ ഈ പ്രപഞ്ചത്തിൽ ദൈവം നിശ്ചയിച്ച നിയമങ്ങളുടെ കാരണത്താൽ ആണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന്  ഒരു ഭിത്തിയിൽ നമ്മുടെ കൈകൾ ശ്കതമായി ഇടിച്ചാൽ നമുക്ക് വേദന ഉണ്ടാകുന്നതിന്റെ കാരണം ന്യൂട്ടണ്സ് തേർഡ് ലോ പ്രകാരമാണ്.  (To every action there is equal and opposite reaction) അങ്ങനെയെങ്കിൽ എന്ത്കൊണ്ട് ദൈവം ഈ പ്രപഞ്ച നിയമങ്ങളെ  ഇങ്ങനെ സൃഷ്ടിച്ചു എന്നു നാം മനസ്സിലാക്കാൻ ശ്രമിക്കണം.  ട്രെയിൻ അതിന്റെ   കൃത്യമായ വേഗത്തിൽ ഓടണമെങ്കിൽ ഉഉർജ്ജത്തിനൊപ്പം ആഴത്തിൽ ഉറച്ച പാളം അത്യന്താപേക്ഷിതമാണ്.  അതെ പ്രകാരം ഈ പ്രപഞ്ചം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ വളരെ കൃത്യമായ ദൃഢമാർന്ന നിയമങ്ങൾ ആവശ്യമാണ്. 
       
മുകളിൽ പറഞ്ഞിരിക്കുന്നത് ശരിയും ദൈവത്തിനു അസാധ്യമായതായി ഒന്നും തന്നെ ഇല്ലാതെയും ഇരിക്കെ സൃഷ്ടിക്ക് കഷ്ടതകൾ ഉണ്ടാകാത്ത നിയമങ്ങൾ എന്ത് കൊണ്ട് ദൈവം സൃഷ്ടിച്ചില്ല?
        ദൈവത്തിനു തീർച്ചയായും കഷ്ടതകൾ ഇല്ലാത്ത നിയമങ്ങൾ സൃഷ്ടിക്കമായിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു പ്രപഞ്ചത്തിന്റെ നിലനില്പ് സാധ്യമായി വരണമെന്നില്ല. ഉദാഹരണത്തിന് ഒരു ഇലെക്ട്രോണിന്റെ ചാർജ് 1.6*10^_19 coulombs എന്നുള്ളതിന് നേരിയ വ്യത്യാസം സംഭവിച്ചിരുന്നു എങ്കിൽ ഈ പ്രപഞ്ചം നിലനില്കുകയിലായിരുന്നു എന്ന്  ശാസ്ത്രം ഇന്നു അവകാശപെടുന്നുണ്ട്. മറ്റൊരു ഉദാഹരണം നമുക്കൊന്നു നോക്കാം. സ്വർഗത്തിൽ തിന്മകളോ കഷ്ടതകളോ ഇല്ലെന്നു നാം വിശ്വസിക്കുന്നു.  അങ്ങനെയെങ്കിൽ സ്വർഗത്തിൽ ജനിച്ച ഒരു കുഞ്ഞിനെ തിന്മ നിറഞ്ഞ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയാണെങ്കിൽ അതിനു ഇവിടെ അതിജീവിക്കാൻ വളരെ പ്രയാസമായിരിക്കും. അത് പോലെ മറ്റൊരു ഉദാഹരണം എടുത്ത് നോക്കാം. റോസാ പുഷ്പത്തിനു മുള്ളുകൾ ദൈവം നല്കിയിരുന്നില്ലെങ്കിൽ ഭൂമുഖത്തു നിന്നും വളരെ പണ്ട് തന്നെ  ഈ സസ്യത്തിനു  വംശനാശം സംഭവിക്കുമാരുന്നു. അത് പോലെ നന്മയും തിന്മയും നമ്മുടെ ആത്യന്തികമായ വളർച്ചക്ക് ആവശ്യമായത് കൊണ്ടാകാം ദൈവം സൃഷ്ടി ഇപ്രകാരം നടത്തിയിരിക്കുന്നത്.

Sunday, July 21, 2019

7.അധർമ്മത്തിൽ നിന്നും പിന്തിരിയാത്തവരോട് ദൈവത്തിന്റെ പ്രതികരണം എപ്രകാരമായിരിക്കും?

മുടിയനായ പുത്രന്റെ കഥയിൽ നിന്നും ഉപാധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നവനാണ് ദൈവം എന്നു നാം മനസിലാക്കുന്നു. "നല്ലവരുടെയും ദുഷ്ടന്മാരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും അനീതി ചെയുന്നവരുടെമേലും തന്റെ മഴ പെയ്ക്കുകയും ചെയുന്നവനാണ് ദൈവം " എന്നു വി. മത്തായി 5:45 ൽ യേശുക്രിസ്തു നമ്മോട് പറയുന്നു. ദൈവം പിതാവെന്ന നിലയിൽ മനുഷ്യരായ നാം മക്കളെന്ന നിലയിലും അധർമത്തിൽ മുഴുകിയിരിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായ് ആ വ്യക്തിയുടെ അവസാന ശ്വാസം വരെയും ശ്രമിച്ചു കൊണ്ടേയിരിക്കും എന്ന് യേശുക്രിസ്തു തന്റെ വലത്തു ഭാഗത്തെ കള്ളനെ മരണ സമയത്ത് ആശ്വസിപ്പിക്കുന്നത് വഴി നമുക്ക് മനസിലാക്കാൻ സാദിക്കും. മരണാന്തരവും ആ ശ്രമം തുടരുന്നു എന്നു വി. പത്രോസ് 3:19 ൽ നിന്നും മനസിലാക്കാം. "ആത്മാവിൽ അവൻ (കർത്താവ് ) ചെന്നു നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘ ക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു."