ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ വി. വേദപുസ്തകത്തെ അടിസ്ഥാനമാക്കി നമുക്കൊരു അന്വേഷണം നടത്തി നോക്കാം. യേശുക്രിസ്തുവിനെതിരായി പ്രവർത്തിച്ചുകൊണ്ടിരുന്ന ശൗൽ എന്ന പൗലോസ് ദമസ്‌കൊസിന്റെ പടിവാതിൽക്കൽ വെച്ച് ദൈവത്തെ മുഖാമുഖം ദർശിച്ചപ്പോൾ അദ്ദേഹത്തിനു രൂപാന്തരം ഉണ്ടാവുകയും പിന്നീട് ധാരാളം സ്ഥലങ്ങൾ സന്ദർശനം നടത്തി യേശുക്രിസ്തുവിന്റെ സുവിശേഷം ഘോഷിക്കുകയും ചെയ്‌തു. ഒരിക്കൽ പൗലോസ് എഫേസൂസ് എന്ന സ്ഥലത്ത് ചെന്നപ്പോഴുണ്ടായ ഒരു സംഭവം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഇവിടെ ആഗ്രഹിക്കുകയാണ്. അവിടുത്തെ മഹാപുരോഹിതനായ സ്കേവായുടെ ഏഴ് മക്കൾ മന്ത്രവാദത്തിലൂടെ സമ്പത്തു ഉണ്ടാക്കിയിരുന്നതായ് രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസിന്റെ സുവിശേഷം എഫെസൊസിൽ ധാരാളം ആളുകളെ രൂപാന്തരത്തിലേക്ക് അയച്ചപ്പോൾ സ്കേവാ പുരോഹിതന്റെ മക്കളുടെ സാമ്പത്തിക സ്രോതസ്സിനു വലിയ നഷ്ടം ഉണ്ടായതായി കാണുന്നു. ധാരാളം ആളുകളെ പൗലോസ് ആകർഷിക്കുന്നതായ് മനസിലാക്കിയ അവർ പൗലോസ് എപ്രകാരമാണ് രോഗശാന്തിയും അത്ഭുതങ്ങളും പ്രവർത്തിക്കുന്നത് എന്നു മനസിലാക്കാൻ വേണ്ടി പൗലോസിനെ നിരീക്ഷിക്കാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ നാമത്തിലാണ് പൗലോസ് വീര്യപ്രവർത്തികളൊക്കെ ചെയ്യുന്നതെന്നു അവർ മാസിലാക്കി. അങ്ങനെ അവർ ഒരു ഭൂതം ബാധിച്ച മനുഷ്യന്റെ സമീപം എത്തി യേശുക്രിസ്തുവിന്റെ നാമത്തിൽ ഭൂതം ഒഴിപ്പിക്കാൻ ശ്രമം നടത്തിയപ്പോൾ ഭൂതം ഇപ്രകാരം ചോദിച്ചു. (അപ്പൊ. പ്രവർ 19:16) "യേശുവിനെ ഞാൻ അറിയുന്നു, പൗലോസിനെ പരിജയം ഉണ്ട്. എന്നാൽ നിങ്ങൾ ആര്?" "നിങ്ങൾ ആര്? " എന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അവർക്ക് സാധിക്കാഞ്ഞതിനാൽ ഭൂതം അവരെ ആക്രമിച്ചു മുറിവേൽപ്പിക്കുന്നതായി ഇതിൽ രേഖപെടുത്തിയിരിക്കുന്നു.
മോശയുടെ മുൻപിൽ ദൈവം പ്രത്യേക്ഷപ്പെട്ടപ്പോൾ ദൈവത്തോട് മോശ ചോദിക്കുന്നു "നീ ആരാണ്?" (പുറ:3:14) ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു ദൈവം മോശയോട് പറയുന്നുണ്ട്. ദൈവത്തെ ഒരു നാമത്തിലും ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാലാകും ഇപ്രകാരം വേദപുസ്‌തകത്തിൽ പറഞ്ഞിരിക്കുന്നത് എന്നു നമുക്കനുമാനിക്കാം.
കല്ലറകളിൽ പാർത്തിരുന്ന ഭൂതം ബാധിച്ച മനുഷ്യനോട് യേശുക്രിസ്തുവും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. "നീ ആരാണ്? " ലെഗ്യോൻ എന്നു മറുപടിയായി ആ മനുഷ്യൻ ഉത്തരം കൊടുക്കുന്നുണ്ട്. (വി. മാർക്കോസ് 5:9)
യേശു ക്രിസ്തുവിനെ പിടിക്കുവാനായ് റോമൻ പടയാളികൾ വന്നപ്പോൾ യേശു എവിടെ എന്നു പടയാളികൾ ചോദിക്കുമ്പോൾ "ഞാൻ അവൻ തന്നെ " എന്നു ധൈര്യപൂർവം യേശു മറുപടി കൊടുക്കുന്നതായി വി. യോഹന്നാൻ 18:6 ൽ നമുക്ക് കാണാൻ സാധിക്കും. "ഞാനാകുന്നവൻ ഞാനാകുന്നു എന്നു അരുളിചെയ്‌ത ദൈവത്തിന്റെ അതെ ഘാംഭീര്യവും ധൈര്യവും യേശു ക്രിസ്തുവിലും നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നതാണ്.
ഇന്നു ദൈവം നമ്മോടും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. " നീ ആരാണ്? " ഇതിന്റെ ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമം മാത്രമാണ് താഴെ പറഞ്ഞിരിക്കുന്നത്.
നമ്മുടെ ശരീരത്തിൽ കാണുവാനായി കണ്ണുകൾ ഉണ്ട്, കേൾവിക്കായ് ചെവികളുണ്ട്, രുചി അറിയുന്നതിനായ് നാക്ക് ഉണ്ട്, ഗന്ധം അറിയുവാൻ മൂക്കുണ്ട്, സ്പർശം അറിയുവാൻ ത്വക്കുണ്ട്. ശരീരത്തിനകത്തു മറ്റു ആന്തരിക അവയവങ്ങളുമുണ്ട്. അതിലുപരിയായി നമുക്ക് ചിന്തകുളുണ്ട്, ജ്ഞാനമുണ്ട്, അജ്ഞാനമുണ്ട്, വികാരങ്ങളുണ്ട്, കഴിവുകളുണ്ട്, ഗുണങ്ങളും ഉണ്ട്, ദോഷങ്ങളും ഉണ്ട്, ഒരു മനസുമുണ്ട്.
മുകളിൽ പറഞ്ഞ കാര്യങ്ങൾക്കുപരിയായി നമ്മിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്നു ഒരു വ്യക്തി തന്റെ അന്തരംഗങ്ങളിൽ അന്വേഷണം നടത്തിയതിനു ശേഷം നാം ഇന്ദ്രിയങ്ങളല്ല, ശരീരമല്ല, ഭാവനകളുമല്ല, വിചാരങ്ങളുമല്ല, ജ്ഞാനവും വിജ്ഞാനവും നാമല്ല, എന്നീ കാര്യങ്ങൾ മനസിലാക്കുകയാണെങ്കിൽ അവരുടെ സത്ത ആത്മാവാണെന്നു തിരിച്ചറിയാൻ സാധിക്കും. സമുദ്രത്തിലെ ഒരു ജല കണം എടുത്താൽ അതിനു സമുദ്രത്തിന്റേതായ എല്ലാ സവിശേഷതകളും ഉണ്ടായിരിക്കുന്നത് പോലെ നമ്മുടെ ആത്മാവിനും പരമാത്മാവിന്റെ എല്ലാ സവിശേഷതകളും ഉണ്ട്. അതായത് നാം പരമാത്മാവിന്റെ അംശമാണ്. നാമെല്ലാവരും ദൈവപുത്രന്മാരും ദൈവപുത്രിമാരും ആണെന് യേശുക്രിസ്തുവിനെ പോലെ നിസ്സംശയം പറയുവാൻ നമുക്ക് സാധിക്കണം.
നാം ദൈവത്തിന്റെ അംശമാണെന്നു മനസ്സിലാക്കുമ്പോൾ അതെ പ്രകാരം നമ്മുടെ സഹജീവികളും, സമസ്ത ജീവജാലങ്ങളും പരമാത്മാവിന്റെ അംശം തന്നെയാണെന്നു മനസ്സിലാക്കുമ്പോൾ നമുക്ക് യേശു ക്രിസ്തു പറഞ്ഞത് പോലെ ശത്രുക്കളെ പോലും സ്നേഹിക്കാനും അവരെ അനുഗ്രഹിക്കാനുമൊക്കെ സാധിച്ചു തുടങ്ങും. ഈ ബോധ്യം എല്ലാ ഹൃദയങ്ങളിലും സ്ഥാപിക്കപെടുമ്പോൾ ഈ ഭൂമിയിൽ തീർച്ചയായും സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെടുന്നതായിരിക്കും. അങ്ങനെയുള്ള ലോകത്തിൽ ഹിംസക്കു സ്ഥാനം ഉണ്ടായിരിക്കുന്നതല്ല.
No comments:
Post a Comment